അമ്പലപ്പുഴ: കനത്ത ചൂടിൽ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോൾ പ്രധാന ശുദ്ധജല വിതരണ കുഴൽ പൊട്ടി വൻതോതിൽ കുടിവെള്ളം പാഴാകുന്നു. വളഞ്ഞവഴി ജംഗ്ഷന് തെക്ക് ഭാഗത്താണ് രണ്ട് മാസത്തിലേറെയായി പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മണ്ണെടുത്തപ്പോഴാണ് വലിയ കുഴൽ പൊട്ടിയത്. ഇതോടെ റോഡിൽ വെള്ളക്കെട്ടായി. ഇവിടെ രണ്ടിടത്താണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. പൊട്ടിയ കുഴലിന്റെ ചോർച്ചയടക്കാതെ അതിന്റെ മുകളിൽ ഗ്രാവലിട്ട് മെറ്റലും പാകിയിരുന്നു. നിലവിൽ ഇതിന്റ മുകളിലൂടെയാണ് വെള്ളം പുറത്തേക്കൊഴുകുന്നത്. പൈപ്പ് പൊട്ടി മാസങ്ങൾ പിന്നിട്ടിട്ടും ജല അതോറിട്ടി അധികൃതർ ചോർച്ച അടക്കാനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരിയുടെ പരാതി. ഇത്തരത്തിൽ ദേശീയ പാതയോരത്ത് നിരവധി സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം നഷ്ടമാകുന്നത്.