ആലപ്പുഴ: പുത്തൻ റോഡുകളോട് ചേർന്നുള്ള നടപ്പാതകൾ പോലും നഗരത്തിൽ അപകടഭീഷണി ഉയർത്തുന്നു. നടപ്പാതകളിൽ പലതും കാനയ്ക്ക് മുകളിൽ സ്ലാബിട്ടാണ് സജ്ജമാക്കിയിട്ടുള്ളത്. സ്ലാബ് ഇളകിമാറുകയോ, തകരുകയോ ചെയ്താൽ സമയബന്ധിതമായി പ്രശ്നംപരിഹരിക്കാൻ അധികൃതർ മെനക്കെടാറില്ല എന്നതാണ് പ്രശ്നങ്ങൾക്ക് കാരണം.

അപായ സൂചന ബോ‌ർഡുകൾ പലയിടത്തും സ്ഥാപിച്ചിട്ടുണ്ടെങ്കിലും, രാത്രിയിൽ സ്ഥിതി വ്യത്യസ്തമാണ്. സ്ലാബ് തകർന്ന കാര്യം അറിയാതെ എത്തുന്നവർ നേരെ കാനയിലേക്കോ, കുഴിയിൽ തട്ടി റോഡിലേക്കോ വീഴുകയാണ് പതിവ്. പുതുതായി നിർമ്മിച്ച കൊമ്മാടി പടിഞ്ഞാറ് ഭാഗത്തെ റോഡിലെ സ്ഥിതിയും വ്യത്യസ്തമല്ല.

അപകടംവരെ കാക്കരുത്

1.നഗരഹൃദയത്തിൽ പഴയ മൃഗാശുപത്രിക്ക് മുന്നിലെ സ്ലാബുകൾ ഇളകിയും തകർന്നും കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ജില്ലാ കോടതി പാലം നവീകരണത്തിന്റെ പേരിൽ സ്ലാബ് മാറ്റാതെ അവഗണിച്ചിട്ടിരിക്കുകയാണ്

2.മഴക്കാലം ആരംഭിച്ചു. സ്കൂൾ വിപണിയിലേക്ക് കുട്ടികളടക്കം എത്തിത്തുടങ്ങി. ഒരപകടത്തിന് കാത്ത് നിൽക്കാതെ സ്ലാബുകൾ പൂർവ്വ സ്ഥിതിയിലാക്കാനുള്ള നടപടികൾ അധികൃതർ കൈക്കൊള്ളണമെന്നതാണ് നാട്ടുകാരുടെ ആവശ്യം

3. നഗരത്തിന്റെ പല ഭാഗത്തും കാനയിൽ നിന്ന് കോരിയ മാലിന്യം നടപ്പാതയിൽ കൂട്ടിയിട്ടിരിക്കുന്നത് കാൽനടയാത്രക്കാർക്ക് തലവേദനയാണ്. മഴക്കാലം തുടങ്ങുന്നതോടെ ഇവ ഒലിച്ചിറങ്ങി പ്രദേശം മുഴുവൻ മലിനമാകും

സ്ലാബ് തകർന്ന ഭാഗത്ത് കുട്ടികളോ പ്രായമായവരോ വീണുപോയാൽ ആര് സമാധാനം പറയും. റോഡിലേക്കാണ് വീഴുന്നതെങ്കിൽ വാഹനത്തിനടിയിൽ പെട്ടതുതന്നെ. തകർന്നു കിടക്കുന്ന സ്ലാബുകൾ നേരെയാക്കാൻ അധികൃതർ ഇടപെടണം

- കാർത്തികേയൻ, കൊമ്മാടി സ്വദേശി