ആലപ്പുഴ: കുട്ടനാട്ടിലെ കലാകാരന്മാരുടെ കൂട്ടായ്മയായ കുട്ടനാട് ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്പന്ദനം-2024 18,19 തീയതികളിൽ ചമ്പക്കുളം പടിപ്പുരയ്ക്കൽ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 18ന് രാവിലെ 10ന് സാംസ്‌കാരിക സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. പ്രഥമ പൊൻകുന്നം വർക്കി സ്മാരകപുരസ്‌കാരം മുൻ മന്ത്രി ജി. സുധാകരന് സമ്മാനിക്കും. 11,111 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 11ന് കലാമത്സരങ്ങളുടെ ഉദ്ഘാടനം നടി അംഗിത നിർവഹിക്കും. കൈക്കൊട്ടിക്കളി മത്സരം, കുട്ടികളുടെ പെയിന്റിംഗ് മത്സരം, കരാക്കെ ഗാനമേള നടക്കും. 19ന് രാവിലെ 9.30ന് കുട്ടനാട്ടിലെ കലാപ്രതിഭകളെ ആദരിക്കൽ തകഴി സ്മാരകസമിതി സെക്രട്ടറി കെ.ബി.അജയകുമാർ നിർവഹിക്കും. രാവിലെ 11.30ന് നാടകമത്സരങ്ങളുടെ ഉദ്ഘാടനം നടൻ പ്രമോദ് വെളിയനാട് നിർവഹിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് അഗസ്റ്റിൻ ജോസ്, സെക്രട്ടറി കെ.സി.രമേശ്കുമാർ, വി.വിത്തവാൻ, ചമ്പക്കുളം ബേബി, എൻ.കെ.രഘുനാഥ് എന്നിവർ പങ്കെടുത്തു.