ആലപ്പുഴ: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും
കോലാഹലങ്ങൾക്കുമിടെ ഡ്രൈവിംഗ് പഠിക്കാനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. അവധിക്കാലത്താണ് ഡ്രൈവിംഗ് സ്കൂളുകളിൽ ഏറ്റവും കൂടുതൽ പേർ എത്തുന്നത്. എന്നാൽ, ഇത്തവണ സ്ഥിതി വിഭിന്നമാണ്. ലേണേഴ്സിനും ടെസ്റ്റിനും മാസങ്ങൾക്ക് ശേഷമുള്ള തീയതിയാണ് ലഭിക്കുന്നത്. ലേണേഴ്സ് ലഭിക്കാതെ കുട്ടികളെ പഠിപ്പിച്ചുതുടങ്ങാനും കഴിയില്ല.
ഉപരിപഠനത്തിന് അന്യസംസ്ഥാനങ്ങളിൽ ഉൾപ്പെടെ പോകേണ്ട കുട്ടികൾ, ഇതോടെ കേരളത്തിലെ ഡ്രൈവിംഗ് പരിശീലനം വേണ്ടെന്ന നിലപാടിലാണ്. തമിഴ്നാട്ടിലും കർണാടകയിലും പഠിക്കാൻ പോകുന്ന കുട്ടികൾക്ക് ഇവിടെ തന്നെ പരിശീലനവും ടെസ്റ്റും നടത്താനാണ് താത്പര്യം. ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഫീസിലും കുറവുണ്ട്. എന്നാൽ, ടെസ്റ്റിന് പണമടച്ച് കാത്തിരുന്നാലും മാസങ്ങൾക്ക് ശേഷം ലഭിക്കുന്ന തീയതിയിൽ ഹാജരാകാൻ സാധിക്കുമെന്ന ഒരു ഉറപ്പും ഇപ്പോഴത്തെ അവസ്ഥയിൽ അവർക്ക് ഇല്ല.
അന്യസംസ്ഥാനങ്ങളിലേക്ക് ഒഴുകും
1. മുമ്പ്, അപേക്ഷിച്ച് ഒരാഴ്ച്ചയ്ക്കുള്ളിൽ ടെസ്റ്റ് തീയതി ലഭിക്കുമായിരുന്നു. കേരളത്തിലെ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളിൽ കുട്ടികളെ അയച്ചാൽ കൃത്യമായി കാര്യങ്ങൾ പഠിപ്പിച്ചുകൊടുക്കും എന്ന പ്രതീക്ഷയും ഭൂരിഭാഗം രക്ഷിതാക്കളും പുലർത്തുന്നുണ്ട്
2.അന്യസംസ്ഥാനങ്ങളിൽ കുട്ടികളെ ഡ്രൈവിംഗ് പരിശീലനത്തിനയക്കാൻ പലർക്കും ഭയമാണ്. എന്നാൽ, മാസങ്ങളോളം നീളുന്ന കാത്തിരിപ്പ് ഇവരെ അന്യ സംസ്ഥാനങ്ങളിലെ ഡ്രൈവിംഗ് സ്‌കൂളുകളിൽ കൊണ്ടെത്തിക്കുമെന്നതിൽ സംശയമില്ല
3. ഒരു ദിവസം 120 ടെസ്റ്റ് നടന്നിരുന്ന സ്ഥാനത്ത് 30 എണ്ണം നടത്താനാണ് പുതിയ തീരുമാനം. ഇതോടെ ദിവസം 90 പേരുടെ ടെസ്റ്റ് കാലയളവ് നീളും. പുതുതായി ടെസ്റ്റിനെത്തുന്നവർക്ക് രണ്ട് മാസത്തിന് ശേഷമുള്ള തീയതിയാണ് ലഭിക്കുന്നത്
4. ലേണേഴ്സ് ടെസ്റ്റിനുള്ള തീയതിയെങ്കിലും വൈകാതെ ലഭിച്ചാൽ തൊഴിലെടുക്കാൻ അവസരം ലഭിക്കുമെന്നാണ് പരിശീലകർ പറയുന്നത്. പുതിയ അഡ്മിഷനുകൾ ഇല്ലാതായതോടെ നൂറ് കണക്കിന് കുടുംബങ്ങളുടെ വരുമാനം നിലച്ചമട്ടാണ്
കേരളത്തിലെ പ്രശ്നങ്ങൾ കാരണം വിദ്യാർത്ഥികൾ പലരും അന്യ സംസ്ഥാനങ്ങളിൽ പരിശീലനവും ടെസ്റ്റും നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഇങ്ങനെ പോയാൽ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾ പൂട്ടേണ്ടി വരും
- ഷൈനി, വനിതാഡ്രൈവിംഗ് പരിശീലക