ആലപ്പുഴ/കുട്ടനാട് : കഴിഞ്ഞ കുറച്ചു നാളുകളായി എരിഞ്ഞിരുന്ന വിഭാഗീയതയുടെ പൊട്ടിത്തെറിയായി മാറി രാമങ്കരി ഗ്രാമപഞ്ചായത്തിലെ അവിശ്വാസപ്രമേയം. 27വർഷം കുത്തകയാക്കിയിരുന്ന പഞ്ചായത്ത് ഭരണം വലിച്ചെറിഞ്ഞാണ് ഒരു വിഭാഗം സി.പി.എം അംഗങ്ങൾ സി.പി.എമ്മുകാരായ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും പുറത്താക്കാനുള്ള അവിശ്വാസ പ്രമേയത്തോട് ചേർന്നു നിന്നത്.

കഴിഞ്ഞ സമ്മേളന കാലയളവിലെ വിഭാഗീയതയുടെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവങ്ങൾ. രാജേന്ദ്രകുമാർ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കി നിറുത്തുന്നതിനെതിരെ അന്ന് പാർട്ടിക്കുള്ളിൽ പ്രതിഷേധമുയർന്നിരുന്നു. ഇതിനെതിരെ ഇവർ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള നേതൃത്വത്തിന് പരാതി നൽകിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ല.തുടർന്ന് രണ്ട് ഏരിയാകമ്മിറ്റി അംഗങ്ങൾ, 19ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ഡി.വൈ.എഫ്.ഐ നേതാക്കൾ, പ്രാദേശിക നേതാക്കൾ ഉൾപ്പടെ 300പേർ രാജിവച്ച് സി.പി.ഐയിൽ അംഗത്വം എടുക്കുകയും ചെയ്തിരുന്നു. പാർട്ടി വിട്ട നേതാക്കളെ അനുനയിപ്പിക്കാൻ സി.പി.എം ജില്ലാ നേതൃത്വം ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ എച്ച്.സലാം, മനു സി.പുളിക്കൽ, കെ.എച്ച്.ബാബുജാൻ, ബി.രാജമ്മ, ജി.ഹരിശങ്കർ എന്നിവരെ ചുമതലപ്പെടുത്തി. രാമങ്കരി, കാവാലം, തലവടി പ്രദേശങ്ങളിലെ നേതാക്കളുടെ വീടുകളിലെത്തിയാണ് സെക്രട്ടേറിയറ്റംഗങ്ങൾ കൂടിക്കാഴ്ച നടത്തിയത്.

വിശദീകരണം തേടി, മറുപടിൽ നൽകി അംഗങ്ങൾ

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കെതിരെ കഴിഞ്ഞ മൂന്നിനാണ് ഏഴുപേർ ഒപ്പിട്ട അവിശ്വാസ പ്രമയം നൽകിയത്. നാല് യു.ഡി.എഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസിൽ മൂന്ന് സി.പി.എം അംഗങ്ങളും ഒപ്പിട്ടു. വിവരം അറിഞ്ഞ സി.പി.എം കുട്ടനാട് ഏരിയാ നേതൃത്വം ഇവരിൽനിന്ന് വിശദീകരണം തേടി. ജനങ്ങളുടെ താല്പര്യം സംരക്ഷിക്കാൻ കഴിയാത്ത പ്രസിഡന്റും വൈസ് പ്രസിഡന്റുമായി യോജിച്ച് പ്രവർത്തിക്കാൻ താല്പര്യമില്ലെന്ന് ഇവർ അറിയിച്ചു. വിഭാഗീയത ഇല്ലാതാക്കാൻ ജില്ലാനേതൃത്വം നടത്തിയ അനുനയനീക്കം അട്ടിമറിക്കുന്നതിന് നേതൃത്വം നൽകിയ ആളുമായി സഹകരിക്കാൻ സമ്മർദ്ദം ചെലുത്തിയാൽ പഞ്ചായത്ത് അംഗത്വം രാജിവെയ്ക്കുമെന്നും പ്രമേയത്തെ അനുകൂലിച്ച അംഗങ്ങൾ മറുപടി നൽകി. ഇതോടെയാണ് ആർക്കും പാർട്ടി വിപ്പ് നൽകാതിരുന്നത്.

പ്രസിഡന്റ് സ്ഥാനം കോൺഗ്രസിന്?

ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ സി.പി.എം പ്രദേശിക നേതൃത്വം കോൺഗ്രസുമായി ചേർന്ന് രാജേന്ദ്രകുമാറിനെയും വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ ശിവദാസ് എന്നിവരെ പുറത്താക്കാനുള്ള പദ്ധതിക്ക് രൂപം നൽകിയിരുന്നതായി അറിയുന്നു. അവിശ്വാസം കൊണ്ടുവന്നാൽ തങ്ങൾ പിന്തുണയ്ക്കാമെന്ന് വാഗ്ദാനം നൽകിയതിന് പുറമെ പ്രസിഡന്റ് സ്ഥാനവും കോൺഗ്രസിന് ഉറപ്പ് നൽകിയതായാണ് വിവരം.

"രാഷ്ട്രീയനേട്ടം മാത്രമാണ് ലക്ഷ്യം. സി.പി.എമ്മുമായി ഒരുതരത്തിലുള്ള ഡീലും നടത്തിയിട്ടില്ല. രാമങ്കരിയിൽ ഭരണം നേടുകയാണ് അവിശ്വാസ പ്രമേയത്തിലൂടെ ലക്ഷ്യമിട്ടത്.

- അഡ്വ. ബി.ബാബു പ്രസാദ്, പ്രസിഡന്റ്, ഡി.ഡി.സി

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തള്ളിപ്പറഞ്ഞ് കോൺഗ്രസുമായി ചേർന്ന സി.പി.എം നേതൃത്വത്തിന്റെ അവസരവാദ സമീപനം ജനം വിലയിരുത്തും. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി തിരഞ്ഞെടുപ്പിന് പോലും അംഗങ്ങൾക്ക് വിപ്പ് നൽകുന്ന സി.പി.എം ജില്ലാ നേതൃത്വം രാമങ്കരിയിൽ വിപ്പ് നൽകാതിരുന്നത് ഒത്തുകളിയുടെ ഭാഗമാണ്

-ടി.ജെ.ആഞ്ചലോസ്, ജില്ലാ സെക്രട്ടറി, സി.പി.ഐ