mananr-panchayth

മാന്നാർ : മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് മാന്നാർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ആരോഗ്യവകുപ്പ്,​ തൊഴിലുറപ്പ് തൊഴിലാളികൾ,​ മറ്റു വിവിധ വകുപ്പുകൾ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടാണ് പ്രവർത്തനം. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 18 വാർഡുകളിലും ആരോഗ്യ ശുചിത്വ സമിതി ചേരുകയും ആക്ഷൻ പ്ലാൻ തയ്യാറാക്കുകയും ചെയ്തു.

തദ്ദേശ സ്വയംഭരണ വകുപ്പ് മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മാന്നാർ ഗ്രാമപഞ്ചായത്തിലെ വാർഡുകളിലെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ അവലോകനവും തുടർപ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതിനായി ഗ്രാമപഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല ബാലകൃഷ്ണൻ അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ. ശിവപ്രസാദ് സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാലിനി രഘുനാഥ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത എബ്രഹാം, സുജാത മനോഹരൻ, ഷൈനാ നവാസ്, സുജിത് ശ്രീരംഗം, രാധാമണി ശശീന്ദ്രൻ, ശാന്തിനി ബാലകൃഷ്ണൻ, പുഷ്പലത, ഉണ്ണികൃഷ്ണൻ, അനീഷ് മണ്ണാരേത്ത് പഞ്ചായത്ത് സെക്രട്ടറി ജയകുമാർ, അസി.സെക്രട്ടറി ഹരികുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ റെജിഡെയ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വിനോദ് കുമാർ, സജിത്ത്, അബ്ദുൽ റഊഫ്, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാരായ സുധ, നിമ്മി, ഹസീന സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സുശീല സോമരാജൻ തുടങ്ങിയവർ പങ്കെടുത്തു.

ശുചീകരണം,​ ബോധവത്കരണം

കുളിക്കടവ് ശുചീകരണം, എലിപ്പനി ബോധവത്കരണം, സ്കൂളുകളിൽ ശുചിത്വ,​ കുടിവെള്ള സാമ്പിൾ പരിശോധന, പകർച്ചവ്യാധി പ്രതിരോധം,​ ബോധവത്കരണ ക്ലാസ്, പൊതു കിണറുകളുടെ ശുചീകരണവും ക്ലോറിനേഷനും, വെക്ടർ സർവ്വേ, പൊതു സ്ഥലങ്ങളുടെ ശുചീകരണം, അന്യസംസ്ഥാന തൊഴിലാളികളുടെ ജോലിസ്ഥലവും വാസസ്ഥലങ്ങളും സന്ദർശനം, മാലിന്യസംസ്‌കരണം, എല്ലാ വാർഡുകളിലും ഹെൽത്ത് സാനിട്ടേഷൻ തുടങ്ങിയവയാണ് മഴക്കാലപൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട പ്രധാന പ്രവർത്തനങ്ങൾ.