ഹരിപ്പാട് : കാർത്തികപ്പള്ളി താലൂക്കിലെ അനധികൃത നിലം നികത്തലിനെതിരെ കർശന നടപടിയുമായി ജില്ലാകളക്ടർ. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ മറവിൽ അനധികൃതമായി നികത്തിയ 13 സ്ഥലങ്ങൾ പൂർവ്വസ്ഥിതിയിലാക്കാൻ നടപടിയായി. മറ്റ് നിയമലംഘനങ്ങൾ ചെങ്ങന്നൂർ റവന്യു ഡിവിഷണൽ ഓഫീസർക്ക് തുടർ നടപടികൾക്കായി ശുപാർശചെയ്തു. മാത്രമല്ല,​ കൺട്രോൾ റൂം തുറന്നും പ്രത്യേക സ്ക്വാഡ് രൂപീകരിച്ചും നിലം നികത്ത്, ചെളിയെടുപ്പ് എന്നിവ തടയാനുള്ള ശ്രമവും തുടങ്ങി. പാസില്ലാതെ മണ്ണ് കടത്താൻ ഉപയോഗിച്ച വാഹനം കസ്റ്റഡിയിൽ എടുത്തു. സ്പെഷ്യൽ സ്ക്വാഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കിയതിന്റെ ഭാഗമായി താലൂക്ക് പരിധിയിൽ നിലം നികത്തുന്നതിന് ഉപയോഗിച്ച വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തു. അനധികൃത നിലം നികത്ത്, ചെളികടത്ത് എന്നിവ തടയുന്നതിനുള്ള താലൂക്ക് കൺട്രോൾ റൂമിലേക്ക് (ഫോൺ: 0479 -2412797) പൊതുജനങ്ങൾക്കും പരാതി അറിയിക്കാവുന്നതാണ്.