കായംകുളം : പുതിയ ദേശീയപാത നിർമ്മാണത്തോടൊപ്പം എം.എസ്.എം കോളേജ് ജംഗ്ഷനിൽ നിന്നും ഗവ.വനിതാ പോളിടെക്നിക്കിലേക്ക് പുതിയ സർവ്വീസ് റോഡ് നിർമ്മിക്കുമെന്ന് കായംകുളം നഗരസഭ ചെയർപേഴ്സൺ പി.ശശികല പറഞ്ഞു. ഇത് സംബന്ധിച്ച് എ.എം ആരിഫ് എം.പി വഴി ഉന്നത ഇടപെടൽ നടത്തിയതിന്റെ ഭാഗമായി ദേശീയപാത അധികൃതർ സ്ഥലം സന്ദർശിച്ചതായും വീണ്ടും ചർച്ചകൾ നടത്തുമെന്നും അവർ പറഞ്ഞു.

കായംകുളം വനിതാ പോളിടെക്നിക്കിലേക്കും അതിന് സമീപം 160 ഓളം കുടുംബങ്ങൾ താമസിക്കുന്ന തോട്ടുമുഖപ്പ് വൈക്കത്ത് ഭാഗങ്ങളിലേക്കും യാത്ര ചെയ്യുവാൻ റോഡ് സൗകര്യം ഇല്ലായിരുന്നു.പുതിയ പാലവും ദേശീയ പാതയ്ക്ക് ഒപ്പമുള്ള സർവ്വീസ് റോഡും മാത്രമാണ് പദ്ധതിയിൽ ഉണ്ടായിരുന്നത്. ഈ വിഷയം നഗരസഭ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. വലിയ വാഹനങ്ങൾ കടന്നു പോകാൻ വീണ്ടും സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

ഹൈവേ അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥന്മാരും റോഡ് പണി ഏറ്റെടുത്തിരിക്കുന്ന വിശ്വസമുദ്ര ഗ്രൂപ്പിൻറെ ജീവനക്കാരും സ്ഥലം സന്ദർശിച്ചു.