sdg

പൂച്ചാക്കൽ : പദവി ഉയർത്തിയിട്ടും അതിനനസുസരിച്ചുള്ള സ്റ്റാഫ് പാറ്റേൺ നടപ്പാക്കാത്തതിനാൽ അരൂക്കുറ്റി സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് പറയാൻ പരാധീനതകൾ മാത്രം. ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രം 15 കൊല്ലം മുമ്പാണ് സാമൂഹ്യ കേന്ദ്രമായി ഉയർത്തിയത്.

ഏക്കർ കണക്കിന് ഭൂമി അരൂക്കുറ്റിയിൽ ആരോഗ്യ വകുപ്പിനുണ്ടെങ്കിലും ആശുപത്രിയുടെ വികസനത്തിനു വേണ്ടി ഒന്നും നടപ്പാക്കുന്നില്ല. പോസ്റ്റുമോർട്ടം സൗകര്യം പോലും ഇടക്കാലത്ത് ഇവിടെ നിലച്ചിരിക്കുകയായിരുന്നു. പിന്നീട് ഇപ്പോഴത്തെ ബ്ളോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ ഇടപെടലിൽ 26 ലക്ഷം രൂപ മുടക്കി സൗകര്യം ഏർപ്പെടുത്തിയതോടെയാണ് ഒന്നരവർഷം മുമ്പ് വീണ്ടും പോസ്റ്റുമോർട്ടം നടത്തിത്തുടങ്ങിയത്.

സ്റ്റാഫ് പാറ്റേൺ പോലുള്ള ക്രമീകരണങ്ങൾ സർക്കാർ തലത്തിൽ തീരുമാനം എടുക്കേണ്ടതാണ്. അതിനായി ആരോഗ്യ വകുപ്പിന് നേരിട്ട് നിവേദനം നൽകാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ആർ.രജിത പറഞ്ഞു.

ഡോക്ടർമാരില്ല, രോഗികൾ മടുത്തു

 ആവശ്യത്തിന് ഡോക്ടർമാരെ നിയമിച്ചിട്ടില്ലാത്തതിനാൽ ചികിത്സ തേടി എത്തുന്ന രോഗികൾ വലയുന്നു

 മിക്കപ്പോഴും ഒന്നോ രണ്ടോ ഡോക്ടർമാർ മാത്രമാണ് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടാവുക

 ഡോക്ടർമാരുണ്ടാകുമെന്ന് ഉറപ്പില്ലാതായതോടെ ഒ.പി വിഭാഗത്തിലെത്തുന്ന രോഗികളുടെ എണ്ണം കുറഞ്ഞു

 ഡോക്ടർമാർക്കായി കായലിനോട് ചേർന്ന് നിർമ്മിച്ച ക്വാർട്ടേഴ്സുകൾ കാടു കയറി നശിക്കുകയാണ് ഇപ്പോൾ

 തുറവൂർ ഗവ.ആശുപത്രിക്ക് ലഭിക്കുന്ന പരിഗണന അരൂക്കുറ്റി ആശുപത്രിയോട് ജനപ്രതിനിധികൾ കാട്ടുന്നില്ലെന്ന് ആക്ഷേപം

രാജഭരണത്തോളം പഴക്കം

രാജഭരണ കാലത്ത് 1878ലാണ് തിരുവിതാംകൂറിന്റെ വടക്കേ അതിർത്തിയായ അരൂക്കുറ്റിയിൽ ആശുപത്രി സ്ഥാപിച്ചത്.നെട്ടൂർപ്പെട്ടി മാതൃകയിൽ നിർമ്മിച്ച ഗൈനക്കോളജി വിഭാഗവും മിനി ഓപ്പറേഷൻ തിയേറ്ററും അന്നേ ഒരുക്കിയിരുന്നു. ഇന്ന് അരൂക്കുറ്റിയിലും പരിസരപ്രദേശത്തുമുള്ള പ്രായമുള്ളവരിൽ കൂടുതൽ പേരും അരൂക്കുറ്റി ആശുപത്രിയിൽ ജന്മമെടുത്തവരാണ്.

ജനപ്രതിനിധികൾ ഒരു പരിഗണനയും അരൂക്കുറ്റി ആശുപത്രിക്ക് നൽകുന്നില്ല. ആരോഗ്യ വകുപ്പിന്റെ ഏക്കർ കണക്കിന് ഭൂമിയാണ് കാടുകയറി നശിക്കുന്നത്. സർക്കാരിന്റെ അടിയന്തരശ്രദ്ധ ഇക്കാര്യങ്ങളിൽ പതിയണം

- കെ.ബി.കൃഷ്ണകുമാർ (പൊതു പ്രവർത്തകൻ)

സാമൂഹ്യാരോഗ്യകേന്ദ്രം എന്ന നിലയിലുള്ള സ്റ്റാഫ് പാറ്റേൺ അടിയന്തരമായി നടപ്പാക്കണം. ആധുനിക സംവിധാനങ്ങളുള്ള ലാബും കിടപ്പു രോഗികൾക്കായി പുതിയ കെട്ടിടങ്ങളും നിർമ്മിക്കണം

- സുനിൽ കൊട്ടാരം അരൂക്കുറ്റി