ആലപ്പുഴ: മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തായതിനാൽ സംസ്ഥാനത്ത് ഭരണസ്തംഭനവും ഗുണ്ടാവിളയാട്ടവുമാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിഅംഗം രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിദേശത്ത് പോകുന്നതിനോട് എതിരല്ല. ഒളിച്ചും പാത്തും പോകുന്നത് എന്തിനാണെന്ന് വ്യക്തമാക്കണം. ആഭ്യന്തരവകുപ്പ്​ നാഥനില്ലാ കളരിയായി മാറി. ഡി.ജി.പിയുണ്ടോ എന്ന് സംശയമാണ്.

മുഖ്യമന്ത്രി മൂന്നാഴ്ച വിദേശത്തായിട്ടും ഭരണനിർവഹണത്തിന് ബദൽ സംവിധാനമില്ല. യു.ഡി.എഫ് ഭരണകാലത്ത് ഗുണ്ടകളെ അമർച്ച ചെയ്യാൻ നടപ്പാക്കിയ ഓപ്പറേഷൻ സുരക്ഷാ പദ്ധതി ഫലപ്രദമായി നടപ്പാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പ്ലസ് വണ്ണിന് പുതിയ ബാച്ചുകൾ അനുവദിക്കണം. മാനേജ്‌മെന്റുകൾ പ്ലസ് വൺ പ്രവേശനത്തിന് കോഴ വാങ്ങുന്ന പ്രവണത തടയണമെന്നും ചെന്നിത്തല പറഞ്ഞു. നേതാക്കളായ എ.എ.ഷുക്കൂർ, സജീവ്ഭട്ട് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.