ആലപ്പുഴ : വിഭാഗീയതയെത്തുടർന്ന് അവിശ്വാസ പ്രമേയത്തിലൂടെ നഷ്ടമായ രാമങ്കരി ഗ്രാമപഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് സി.പി.എം നേതൃത്വം. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ നാല് സി.പി.എം അംഗങ്ങൾ കൂടി പിന്തുണച്ചതോടെയാണ് സി.പി.എമ്മുകാരായ പ്രസിഡന്റ് ആർ.രാജേന്ദ്രകുമാർ, വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ ശിവദാസ് എന്നിവർക്ക് രാജിവയ്ക്കേണ്ടി വന്നത്. തുടർന്ന് രാജേന്ദ്രകുമാർ പഞ്ചായത്തംഗത്വം രാജിവയ്ക്കുകയും സി.പി.ഐയുമായി ചേർന്നായിരിക്കും തുടർപ്രവർത്നമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
27വർഷമായി കുത്തകയാക്കി വച്ചിരുന്ന ഭരണം നഷ്ടമാകുന്നത് സി.പി.എമ്മിന് വലിയ വെല്ലുവിളിയായ സാഹചര്യത്തിലാണ് പുതിയനീക്കം ആരംഭിച്ചത്. അവിശ്വാസ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യാൻ അംഗങ്ങൾക്ക് സി.പി.എം വിപ്പ് നൽകാത്തതിനാൽ പ്രമേയത്തെ അനുകൂലിച്ചവർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയുണ്ടാകില്ല.
വൈകാതെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉണ്ടാകുമ്പോൾ എല്ലാഅംഗങ്ങൾക്കും വിപ്പ് നൽകാനാണ് സി.പി.എം തീരുമാനം. വിപ്പ് ലംഘിച്ചാൽ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽപ്പെടുകയും പഞ്ചായത്ത് അംഗത്വം നഷ്ടമാകുകയും ചെയ്യും. 13അംഗ പഞ്ചായത്ത് ഭരണസമിതിയിൽ എൽ.ഡി.എഫിന് 9ഉം (എല്ലാവരും സി.പി.എം) യു.ഡി.എഫിന് 4ഉം അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ രാജേന്ദ്രകുമാർ രാജി വച്ചു. ആ ഒഴിവിൽ പതിമൂന്നാം വാർഡിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കും.
സി.പി.എം ജില്ലാ സമ്മേളനത്തോടെയാണ് കുട്ടനാട്ടിൽ വിഭാഗീയത രൂക്ഷമായത്. കഴിഞ്ഞ ആഗസ്റ്റിൽ രണ്ട് ഏരിയാ കമ്മിറ്റി അംഗങ്ങൾ, 19ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ഡി.വൈ.എഫ്.ഐ നേതാക്കൾ, പ്രാദേശിക നേതാക്കൾ ഉൾപ്പടെ 300ഓളം പേർ സി.പി.ഐയിൽ ചേർന്നിരുന്നു.