ചെന്നിത്തല കൃഷിഭവൻ ഉപരോധിച്ചു
ചെന്നിത്തല : വിളവെടുപ്പ് നടത്തി ദിവസങ്ങൾ പിന്നിട്ടിട്ടും നെല്ല് സംഭരിക്കാൻ മില്ലുടമകൾ തയ്യാറാകാത്തതിനെ തുടർന്ന് ചെന്നിത്തലയിൽ കർഷകരോഷം ഇരമ്പി. അപ്പർകുട്ടനാട്ടിലെ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ ഒന്ന്, നാല്, പത്ത്, പതിനാല് ബ്ലോക്ക് പാടശേഖരങ്ങളിൽ കൊയ്ത്ത് കഴിഞ്ഞ് പത്ത് ദിവസമായിട്ടും സപ്ളെകോ നിർദേശിച്ച മില്ലുകാർ നെല്ല് സംഭരിക്കാത്തതിനെ തുടർന്ന് അപ്പർകുട്ടനാട് സ്വതന്ത്ര നെൽകർഷക കൂട്ടായ്മയുടെയും സംയുക്‌തപാടശേഖരസമിതിയുടെയും നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള കർഷകർ സംഘടിച്ചെത്തി ഇന്നലെ രാവിലെ ചെന്നിത്തല കൃഷിഭവൻ ഉപരോധിച്ചു.
താപനില ഉയർന്നതിനെ തുടർന്ന് അപ്പർകുട്ടനാട്ടിലെ മിക്കപാടശേഖരങ്ങളിലും കർഷകർക്ക് ഇത്തവണ കുറഞ്ഞ വിളവാണ് ലഭ്യമായത്. ഒരു ക്വിന്റൽ നെല്ലിന് പതിനഞ്ചും പതിനേഴും കിലോ കിഴിവ് മില്ലുകാർ ആവശ്യപ്പെട്ടതാണ് കർഷകരെ രോഷാകുലരാക്കിയത്.
അപ്പർകുട്ടനാട് സ്വതന്ത്ര നെൽകർഷക കൂട്ടായ്മ വൈസ് പ്രസിഡൻറ്റും ചെന്നിത്തല സംയുക്ത പാടശേഖരസമിതി കൺവീനറുമായ ഗോപൻചെന്നിത്തല, കർഷക കൂട്ടായ്മ ജോ.സെക്രട്ടറി സാംചെറിയാൻ, രാജൻ കന്യേത്തറ, സ്റ്റീഫൻതോമസ്, ഹരികുമാർ, പ്രസാദ്, വി.കെ.രാജീവൻ, വിശ്വംഭരൻ, ദീപു പടകത്തിൽ, അഭിലാഷ് തൂമ്പിനാത്ത് തുടങ്ങിയവർ ഉപരോധത്തിൽ പങ്കെടുത്തു.
ഉപരോധം പിൻവലിച്ചത് ഭാഗിക ധാരണയിൽ
പാഡി ഓഫീസർ അമ്പിളി, മാവേലിക്കര കൃഷി അഡി.ഡയറക്ടർ ലേഖമോഹൻ, ചെന്നിത്തല കൃഷി ഓഫീസർ ചാൾസ് ഐസക്ക് ഡാനിയേൽ, അസി.കൃഷി ഓഫീസർ ബിജുശർമ്മ, മില്ലുകാരുടെ പ്രതിനിധികൾ എന്നിവരുമായി കർഷക സംഘടനാ പ്രവർത്തകർ നടത്തിയ ചർച്ചയിൽ ഭാഗികമായ ധാരണയുണ്ടാക്കി. കർഷകരുടെ ഓരോരുത്തരുടേയും നെല്ലിന്റെ ഈർപ്പവും പതിരും അനുസരിച്ച് കിഴിവ് നൽകി നെല്ല് സംഭരണം പുനരാരംഭിക്കാമെന്ന ജില്ലാ പാഡി ഓഫീസറുടെ ഉറപ്പിലാണ് കർഷകർ സമരം അവസാനിപ്പിച്ചത്. ഗുണനിലവാരം കുറഞ്ഞ നെല്ലിന് പതിനഞ്ച് കിലോയും കൂടിയ നെല്ലിന് എട്ട് കിലോയും കിഴിവ് നൽകാൻ ഒരുവിഭാഗം കർഷകർ തയ്യാറായി. കൊയ്തിട്ട മറ്റ് പാടശേഖരങ്ങളിലേക്കുള്ള മില്ലുകാരെ നിശ്ചയിച്ചശേഷമാണ് ഉപരോധം പിൻവലിച്ചത്.
മാന്നാറിലും പ്രതിസന്ധി
മാന്നാർ കൃഷി ഓഫീസിന്റെ പരിധിയിലുള്ള കുരട്ടിശ്ശേരി നാലുതോട് പാടശേഖരത്തിലും നെല്ല് സംഭരിക്കാത്തതിനെത്തുടർന്ന് കർഷകർ പ്രതിസന്ധിയിലായി. വേനൽ മഴ ശക്തമായതോടെ കൊയ്തെടുത്ത നെല്ല് വെള്ളത്തിൽ മുങ്ങി നശിക്കുമെന്നാണ് കർഷകർ പറയുന്നത്. ഇന്നലെ ക്വാളിറ്റി കൺട്രോളർ പരിശോധന നടത്തി ഏഴര ശതമാനം കിഴിവ് പറഞ്ഞെങ്കിലും മില്ലുടമകൾ പതിനഞ്ച് ശതമാനം വേണമെന്ന് ആവശ്യപ്പെട്ടു. ഇന്ന് രാവിലെ അടിയന്തര പൊതുയോഗം വിളിച്ചിട്ടുണ്ടെന്ന് പാടശേഖര സമിതി പ്രസിഡന്റ് ഹരിദാസ് കിം കോട്ടേജ് അറിയിച്ചു.