ആലപ്പുഴ: ആര്യാട് തെക്ക് വില്ലേജിൽ ഉൾപ്പെട്ട കരളകം പാടം നികത്തി വൻകിട ഷോപ്പിംഗ് കോംപ്ലക്സും, കെട്ടിടങ്ങളും നിർമ്മിക്കാനുള്ള ആസൂത്രിക നീക്കത്തിന് പിന്നിൽ ഭൂമാഫിയയുടെയും റവന്യു ഉദ്യോഗസ്ഥരുടെയും ഒത്താശയുണ്ടെന്ന് ദേശീയ കർഷക തൊഴിലാളി ഫെ‌ഡറേഷൻ ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. കോമളപുരം, മുല്ലയ്ക്കൽ, ആര്യാട് തെക്ക്, കലവൂർ വില്ലേജുകൾ കേന്ദ്രീകരിച്ച് വ്യാപകമായ രീതിയിൽ ഇടത്തോടുകളും, നിലങ്ങളും നികത്തുന്നതായി പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല. നികത്തിയ നിലം പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചേർന്ന യോഗത്തിൽ ദേശീയ കർഷക തൊഴിലാളി ഫെ‌ഡറേഷൻ ജില്ലാ പ്രസിഡന്റ് ബി.ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എം.സന്തോഷ്, ജില്ലാ പ്രസിഡന്റ് ബി.ചന്ദ്രബാബു, ജയപാലൻ, എം.ജി.രാജപ്പൻ, സിബിച്ചൻ, ജി.സുരേഷ് എന്നിവർ സംസാരിച്ചു.