മാന്നാർ: ദൈവിക സ്നേഹത്തിന്റെ വാഹകരാകുവാനും സാക്ഷ്യമുള്ള മാതൃകാ ജീവിതം നയിക്കുവാനും വൈദിക കുടുംബങ്ങൾക്ക് കഴിയണമെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃത്രിയൻ കാതോലിക്കാ ബാവാ പ്രസ്താവിച്ചു. പരുമല സെമിനാരിയിൽ നടന്ന അഖില മലങ്കര മദ്ധ്യമേഖലാ വൈദിക കുടുംബസംഗമവും അഖില മലങ്കര ബസ്കിയമ്മ അസോസിയേഷൻ പ്രതിനിധി സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അഖില മലങ്കര വൈദികസംഘം പ്രസിഡന്റ് ഡോ.മാത്യൂസ് മാർ തീമോത്തിയോസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നിർവഹിച്ചു. പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ.എബ്രഹാം മാർ എപ്പിഫാനിയോസ്, ഡോ.അലക്സിയോസ് മാർ യൗസേബിയോസ്, വൈദിക ട്രസ്റ്റി ഫാ. തോമസ് വർഗീസ് അമയിൽ, വൈദികസംഘം ജന.സെക്രട്ടറി ഫാ.നൈനാൻ വി.ജോർജ്, വൈദികസംഘം മേഖലാസെക്രട്ടറി ലെസ്‌ലി പി.ചെറിയാൻ, സെമിനാരി മാനേജർ കെ.വി.പോൾ റമ്പാൻ, ബസ്ക്കിയാമ്മ അസോസിയേഷൻ ജനറൽ സെക്രട്ടറി റെയ്ച്ചൽ പി.ജോസ് എന്നിവർ സംസാരിച്ചു. ക്ലാസുകൾക്കും പ്രബോധനങ്ങൾക്കും ഡോ.സഖറിയാ മാർ സേവേറിയോസ്, ഡോ.വർഗീസ് റ്റി.പൊന്നൂസ് എന്നിവർ നേതൃത്വം നൽകി. വിവിധ ഭദ്രാസനങ്ങളിൽ നിന്നായി 600 പരം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.