1

കുട്ടനാട് : അവശേഷിച്ച ഒരു കുഴൽക്കിണർ കൂടി തകരാറിലായതിനെത്തുടർന്ന് പള്ളാത്തുരുത്തി നോർത്ത് പമ്പ് ഹൗസിൽ നിന്നുള്ള കുടിവെള്ളവിതരണം മുടങ്ങിയതോടെ കുടിക്കാൻ ഒരിറ്റ് വെള്ളത്തിനായി പെടാപ്പാടിൽ കൈനകരിക്കാർ. കൈനകരി പഞ്ചായത്തിലെ പത്ത് വാർഡുകളിലാണ് കുടിവെള്ളക്ഷാമം രൂക്ഷം.

കൈനകരിയിലെ 15 വാർഡുകളിലേക്കും വെള്ളമെത്തിക്കാനായാണ് പള്ളാത്തുരുത്തി പാലത്തിന്റെ കിഴക്ക് വശത്തായി രണ്ട് കുഴൽക്കിണറുകൾ സ്ഥാപിച്ചിരുന്നത്. ഇതിൽ ഒരെണ്ണം നേരത്തേ തന്നെ പ്രവർത്തനരഹിതമായിരുന്നു. രണ്ടാമത്തെ കുഴൽക്കിണർ കൂടി തകരാറിലായതോടെയാണ് പ്രദേശത്ത് കുടിവെള്ളം മുട്ടിയത്. വള്ളത്തിലും ലോറിയിലും വെള്ളം വിതരണം നടത്തിവരുന്നുണ്ടെങ്കിലും പ്രദേശമാകെ ഓരുവെള്ളത്തിന്റെ പിടിയിലമർന്നത് പ്രശ്നം രൂക്ഷമാക്കി. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യവുമായി പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങൾ കഴിഞ്ഞദിവസം കിടങ്ങറ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചിരുന്നു.

പൈപ്പുലൈനുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ അത് സ്ഥാപിക്കാനും പമ്പ് ഹൗസിന്റെ പ്രവർത്തനം ഉറപ്പുവരുത്തുവാനും ആവശ്യമായ തുക അനുവദിക്കാൻ വാട്ടർ അതോറിട്ടി തയ്യാറാകണം

- ബി.കെ.വിനോദ്, കൈനകരി വികസന സമിതി പ്രസിഡന്റ്

പള്ളാത്തുരുത്തിക്ക് സമീപത്തെ പമ്പ് ഹൗസിൽ നിന്ന് കൈനകരിയിലേക്ക് വെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിച്ചു. നിലവിൽ വള്ളത്തിലും ലോറിയിലുമായി എത്തിച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിന്റെ അളവ് വർദ്ധിപ്പിക്കും. പുതിയ കുഴൽക്കിണർ സ്ഥാപിക്കാനുള്ള പരിശോധന നടത്തി

- എം.സി.പ്രസാദ്, കൈനകരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

യുദ്ധകാലാടിസ്ഥാനത്തിൽ പുതിയ കുഴൽക്കിണർ സ്ഥാപിക്കണം . പള്ളാത്തുരുത്തി മുതൽ മുണ്ടയ്ക്കൽ വാട്ടർ ടാങ്ക് വരെയുള്ള 4.5 കിലോമീറ്റർ ദൂരത്തിൽ പുതിയ പൈപ്പ് ലൈൻ വലിക്കണം നിലവിലെ ലൈനിന് 35 വർഷത്തിലേറെ പഴക്കമുണ്ട്

- നോബിൻ പി.ജോൺ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ