മാവേലിക്കര : ദാനം ചെയ്ത അവയവങ്ങൾ അതിവേഗം എത്തിക്കാനായി, കട്ടച്ചിറ മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് വിഭാഗം അവസാന വർഷ വിദ്യാർത്ഥികൾ ഡ്രോൺ രൂപകൽപ്പന ചെയ്തു. അഞ്ച് കിലോഗ്രാം ഭാരമുള്ള വസ്തുക്കൾ വരെ ഉയർത്തുവാനും രണ്ടു മണിക്കൂറിലേറെ പറക്കുവാനും കഴിയുന്നതുമാണ് ഡ്രോൺ. പരീക്ഷണപ്പറക്കലിൽ 70 കിലോമീറ്റർ വേഗത കൈവരിക്കുവാനും 100 കിലോമീറ്ററോളം സഞ്ചരിക്കുവാനും സാധിച്ചു. അവയവദാന രംഗത്ത് ഇപ്പോൾ നേരിടുന്ന സമയം നഷ്ടം ഇതിലൂടെ പരിഹരിക്കാൻ കഴിയും. രുന്നുകൾ ദീർഘദൂരങ്ങളിൽ വിതരണം ചെയ്യുവാനും സാധിക്കും.
ആറ് ബി.എൽ.ഡി.സി മോട്ടോറുകൾ, അലൂമിനിയം ഫ്രെയിം, അഗ്നിശമന മെക്കാനിസവും ലിഡാർ സെൻസറും പെൽറ്റിയർ മോഡ്യൂളും, മൊബൈൽ ക്യാമറ, ജി.പി.എസ്, തെർമോക്കോൾ ബോക്സ് തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ചാണ് നിർമ്മാണം . ഈ ഡ്രോൺ ചെറിയ മാറ്റങ്ങൾ വരുത്തി കൃഷിസ്ഥലങ്ങളിൽ മരുന്നടിക്കാനും ജലസേചനം നിർവഹിക്കാനും ഉപയോഗിക്കാം. കൂടുതൽ ശക്തമായ മോട്ടോറുകൾ ഉപയോഗിച്ച് 100കിലോഗ്രാം ഭാരം വരെ പറത്തുവാനും തിരുവനന്തപുരം എറണാകുളം കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന ആശുപത്രികളെ ബന്ധപ്പെടുത്താനും കഴിയുന്ന ഡ്രോൺ ആണ് ഇനിയുള്ള ലക്ഷ്യമെന്നും ഇവർ പറഞ്ഞു.
അവസാന വർഷ വിദ്യാർത്ഥികളായ ആലാപ് എസ്.നായർ, അഭിലാഷ്.എ, അനന്തു.പി, അക്ഷയ് ദാസ് എന്നിവരാണ് പ്രോജക്ടിന് പിന്നിൽ. കോളേജ് മാനേജ്മെന്റ്, പ്രിൻസിപ്പൽ ഡോ.വി.സുരേഷ് കുമാർ, വൈസ് പ്രിൻസിപ്പൽ ഡോ.മഞ്ജു.ജെ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് വിഭാഗം മേധാവി പ്രൊഫ.ശരത്.എസ്, പ്രോജക്ട് കോഡിനേറ്റർ പ്രൊഫ.അംജിത്ത്.എസ്, പ്രോജക്ട് ഗൈഡ് പ്രൊഫ.സൂര്യ രാജേന്ദ്രൻ, പ്രൊഫ.ഷെറീന കബീർ എന്നിവർ വിദ്യാർത്ഥികൾക്ക് മാർഗ നിർദേശം നൽകി.