ഹരിപ്പാട് : ദേശീയ ജലപാതയുടെ നിർമ്മാണത്തിനായി തൃക്കുന്നപ്പുഴ പാലം പൊളിച്ചുമാറ്റുന്ന ജോലികൾ ഉടൻ ആരംഭിക്കുന്നതിനുള്ള അനുമതി കളക്ടർ ഇറിഗേഷൻ വകുപ്പിനു കൈമാറി. ഉയരവും വീതിയും കൂട്ടി പുതിയ പാലം നിർമ്മിക്കുന്നതുവരെ സ്കൂൾ വാനുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ജങ്കാറിലൂടെയും ഇരുചക്രവാഹനങ്ങൾ താത്‌കാലിക പാലത്തിലൂടെയും കടത്തിവിടും.

കാൽനടക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കുമായി താൽക്കാലിക പാലം നിർമ്മിച്ചിട്ടും പ്രധാനപാലം പൊളിക്കുന്നതിലെ തടസം നീങ്ങിയിരുന്നില്ല. ഇതിനിടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പെരുമാറ്റച്ചട്ടം നിലനിൽക്കുകയാണെങ്കിലും പാലം പൊളിക്കാൻ അനുമതിതേടി ഇറിഗേഷൻ വകുപ്പ് കളക്ടറെ സമീപിക്കുകയായിരുന്നു. തൃക്കുന്നപ്പുഴ ചീപ്പ് ഉൾപ്പെടുന്ന പാലം പൊളിച്ചാലേ ഇവിടെ ദേശീയജലപാതയുടെ നിർമ്മാണം പൂർത്തിയാക്കാനാകൂ. പാലത്തിന്റെ ഉയരം കൂട്ടുന്നതിനൊപ്പം ചീപ്പിന്റെ വീതിയും കൂട്ടും.

ആദ്യമെത്തിയത് ജങ്കാർ,

പ്രതിഷേധം പണിയായി

 10മാസം മുമ്പാണ് തൃക്കുന്നപ്പുഴയിൽ ജങ്കാർ എത്തിച്ച് പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിട്ടെങ്കിലും ഗതാഗത ക്കുരുക്ക് കാരണം പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി

 അതിനുശേഷം ജങ്കാർ ഇതുവരെ ഉപയോഗിച്ചിട്ടില്ലെങ്കിലും വാടകയിനത്തിൽ 50ലക്ഷം രൂപയോളം ചെലവായി

 ഇരുചക്ര വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കുമായി താത്കാലിക പാലം നിർമ്മിക്കണമെന്നായിരുന്നു ആവശ്യം

 പാലത്തിലൂടെയുണ്ടായിരുന്ന കുടിവെള്ളക്കുഴലും വൈദ്യുതിലൈനും നീക്കി. സ്വകാര്യകമ്പനികളുടെ കേബിളുകൾ പാലത്തിൽനിന്നു മാറ്റിയിട്ടില്ല

ജങ്കാറിന് മാസവാടക : 5ലക്ഷം

ഒരുവർഷത്തോളം കാത്തിരുന്നശേഷമാണ് തൃക്കുന്നപ്പുഴയിലേക്ക് ജങ്കാർ കിട്ടിയത്. ഈ സാഹചര്യത്തിൽ നിലവിൽ കരാറെടുത്തവരെ ഒഴിവാക്കിയാൽ പാലം പണി നീണ്ടുപോകുമെന്നതിനാലാണ് ഉപയോഗിച്ചില്ലെങ്കിലും ജങ്കാറിനു വാടകനൽകി നിലനിർത്തിയത്

- ഇറിഷേഷൻ വകുപ്പ് അധികൃതർ