ആലപ്പുഴ : കുടക്കമ്പനിയുടെ പേരും ചിത്രങ്ങളുമായി പതിറ്റാണ്ടുകളോളം നഗരത്തിന്റെ അടയാളമായിരുന്ന പോപ്പി പാലം ഇനി ഓർമ്മ. പുതിയ പാലം പണിയുടെ ഭാഗമായി പഴയ പാലം പൊളിച്ചു തുടങ്ങി. നടപ്പാലം നിന്നിരുന്ന സ്ഥാനത്ത് ആംബുലൻസ് അടക്കം കയറാവുന്ന തരത്തിൽ വലിയ പാലമാണ് ഇനി യാഥാർത്ഥ്യമാവുക. ഉയരം കൂടുന്നതോടെ പാലത്തിന് അടിയിലൂടെ ബോട്ടും വള്ളവും സഞ്ചരിക്കും. പോപ്പി, ആറാട്ടുവഴി പാലങ്ങളുടെ നിർമ്മാമത്തോട് അനുബന്ധിച്ച് സമാന്തര പാത നിർമ്മാണം പൂർത്തീകരിക്കാൻ വൈകിയതോടെയാണ് പാലം പൊളിക്കുന്നതും വൈകിയത്. താൽക്കാലിക നടപ്പാത സജ്ജമായെങ്കിലും പാതയ്ക്ക് ഉറപ്പ് പോരെന്നാണ് ജനങ്ങളുടെ പരാതി. ഇരുചക്രവാഹനത്തിന് കയറാനുമാവില്ല. കനാലിൽ തൂണുകൾ സ്ഥാപിക്കാതെയാണ് പോപ്പി, ആറാട്ടുവഴി പാലങ്ങൾ പുനർനിർമ്മിക്കുന്നത്. ഇതിനൊപ്പം വെള്ളാപ്പള്ളി പാലവും പൊളിച്ച് പണിയും.

പുതിയ പാലത്തിന് തൂണുകളില്ല

കിഫ്ബി ഫണ്ടിൽ കേരള ഇറിഗേഷൻ ഡെവലപ്മെന്റ് കോർപ്പറേഷനാണ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. വിനോദസഞ്ചാരം ലക്ഷ്യമിട്ട് നഗരം മുതൽ പാതിരാപ്പള്ളി വരെ ബോട്ട് ഗതാഗതം സുഗമമാക്കുന്നതിനാണ് തൂൺ ഒഴിവാക്കി ബോക്‌സ് മോഡലിൽ പാലമൊരുക്കുന്നത്.

പാലം പണിയുമ്പോൾ സമാന്തരമായി ഉറപ്പുള്ള പാതയല്ല ഒരുക്കിയിരിക്കുന്നത്. സമരം നടത്തി പാലം പണി വൈകിപ്പിക്കാൻ ലക്ഷ്യമില്ലാത്തതിനാലാണ് പ്രതിഷേധം ഉയർത്താത്തത്

-പ്രദേശവാസികൾ