uparodham

കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു

മാന്നാർ : സംഭരണം നടക്കാത്തതിനെത്തുട‌ർന്ന് കൊയ്ത നെല്ല് പാടങ്ങളിൽ കെട്ടിക്കിടക്കുന്നതിൽ കർഷക പ്രതിഷേധം കനക്കുന്നു. കിഴിവിന്റെ പേരിലാണ് മില്ലുടമകൾ നെല്ല് സംഭരിക്കാത്തത്.

കഴിഞ്ഞദിവസം ചെന്നിത്തലയിൽ കൃഷിഓഫീസ് ഉരോധിച്ചതിനു പിന്നാലെ ഇന്നലെ മാന്നാറിൽ നെൽകർഷകർ കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു. മാന്നാർ പൊലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. കുരട്ടിശ്ശേരി നാലുതോട് പാടശേഖരത്തിലെ കർകഷകരാണ് പ്രതിഷേധവുമായെത്തിയത്.

വ്യാഴാഴ്ച ക്വാളിറ്റി കൺട്രോളർ പരിശോധന നടത്തി ഏഴര ശതമാനം കിഴിവ് പറഞ്ഞെങ്കിലും മില്ലുടമകൾ പതിനഞ്ച് ശതമാനം കിഴിവ് വേണമെന്ന് ഉറച്ചുനിന്നതോടെ നാലുതോട് പാടശേഖരസമിതി മാന്നാർ കൃഷി ഓഫീസർ പി.സി ഹരികുമാർ, വാർഡ് മെമ്പർ കെ.സി.പുഷ്പലത എന്നിവരുടെ സാന്നിധ്യത്തിൽ ഇന്നലെ രാവിലെ കർഷകരുടെ അടിയന്തിര പൊതുയോഗം വിളിച്ചു.

കർഷകർക്ക് അനുകൂലമായ തീരുമാനം ഉണ്ടാവാത്തതിനാൽ കൃഷി ഓഫീസറെയും വാർഡ് മെമ്പറെയും കർഷകർ തടഞ്ഞു വെച്ചു. സ്ഥലത്തെത്തിയ ചെങ്ങന്നൂർ കൃഷി അസി.ഡയറക്ടർ മായാ ഗോപാലകൃഷ്‍ണനെയും ഉപരോധിച്ചു. പാഡി മാർക്കറ്റിംഗ് ഓഫീസർ അഞ്ജു, കൃഷി അസി.ഡയറക്ടർ മായാ ഗോപാലകൃഷ്ണൻ, കൃഷി ഓഫീസർ ഹരികുമാർ എന്നിവർ നടത്തിയ ചർച്ചയിൽ, കല്പന റൈസ് മിൽ 10കിലോ കിഴിവിന് നെല്ലെടുക്കുമെന്ന് ഉറപ്പുനൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. സി.പി.എം ഏരിയ സെക്രട്ടറി പ്രൊഫ.പി.ഡി.ശശിധരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുജിത് ശ്രീരംഗം, ബിജു ഇക്ബാൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. നാലുതോട് പാടശേഖരസമിതി ഭാരവാഹികളായ ഹരിദാസ് കിംകോട്ടേജ്, രവീന്ദ്രനാഥകൈമൾ, വിജയകുമാർ, സന്തോഷ്, കുര്യാക്കോസ്, റഷീദ് തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.

വേനൽമഴ സമയത്ത് കൊയ്ത്ത് നടക്കുന്നതിനാൽ മില്ലുടമകൾ അന്യായമായ കിഴിവ് ആവശ്യപ്പെടുന്നു. ഈ സ്ഥിതി തുടർന്നാൽ കർഷകർ നെൽകൃഷി ഉപേക്ഷിക്കേണ്ടിവരും

- ഹരിദാസ് കിംകോട്ടേജ്, പ്രസിഡന്റ് നാലുതോട് പാടശേഖര സമിതി

പ്രതികൂല കാലാവസ്ഥയും സർക്കാർ നൽകിയ ഗുണനിലവാരം കുറഞ്ഞ നെൽവിത്തും മൂലം നെൽകൃഷി വൻ നഷ്ടത്തിലായ കർഷകരിൽ നിന്നും അന്യായ കിഴിവിൽ നെല്ല് സംഭരിക്കാനുള്ള സ്വകാര്യ മില്ലുടമകളുടെ ശ്രമം അവസാനിപ്പിക്കണം

- അഡ്വ.കെ.വേണുഗോപാൽ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി