ആലപ്പുഴ: നഗരസഭയിൽ നാളെയും മറ്റന്നാളും നടക്കുന്ന മഹാശുചീകരണത്തിന്റെ ആലോചനയോഗം നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റെസിഡൻസ് അസോസിയേഷൻ, വ്യാപാരി വ്യവസായി സംഘടനകൾ, വഴിയോര കച്ചവട സംഘടനാ പ്രതിനിധികൾ, കുടുംബശ്രീ, റോട്ടറി, ലയൺസ്, ജെ.സി.ഐ, പുരുഷ സ്വയംസഹായ സംഘം, ഹൗസ് ബോട്ട് ഓണേഴ്‌സ് സംഘടനകൾ, യുവജന സംഘടനകൾ, എൻ.എസ്.എസ് വാളണ്ടിയർമാർ തുടങ്ങീ വിവിധ മേഖലകളിലുള്ളവർ യോഗത്തിൽ പങ്കെടുത്തു.
നാളെ നഗരസഭാ പരിധിയിലെ വീടുകളും ഓഫീസുകളും, പരിസരങ്ങളും ശുചീകരിക്കാനും, 19ന് വാർഡുതലത്തിലുള്ള പൊതു സ്ഥലങ്ങളും ശുചീകരിക്കാൻ തീരുമാനിച്ചു. ഓരോ സംഘടനകളും ശുചീകരിക്കുന്ന സ്ഥലങ്ങൾ യോഗത്തിൽ തീരുമാനിച്ചു നൽകി. വ്യാപാരി വ്യവസായി സംഘടനകൾ വഴിച്ചേരി, പുലയൻ വഴി മാർക്കറ്റ്, റോട്ടറി ക്ലബ്ബുകൾ ശതാബ്ദി മന്ദിരം, ഗസ്റ്റ് ഹൗസിനു പടിഞ്ഞാറ് വശമുള്ള ബീച്ച് പരിസരം, ഹൗസ് ബോട്ട് ഓണേഴ്‌സ് പ്രതിനിധികൾ ജില്ലാ കോടതി പാലം മുതൽ പുന്നമട ഫിനിഷിംഗ് പോയിന്റ് വരെ, വഴിയോര കച്ചവട പ്രതിനിധികൾ പ്രൈവറ്റ് ബസ് സ്റ്റാൻറ് പരിസരം, കാൻ ആലപ്പി പ്രവർത്തകർ കെ.എസ്.ആർ.ടി.സി പരിസരം, നഴ്‌സിംഗ് കോളേജ് വിദ്യാർത്ഥികൾ ജനറൽ ഹോസ്പിറ്റൽ പരിസരം എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തും.
ആലപ്പുഴ, അമ്പലപ്പുഴ എം.എൽ.എ മാർ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും.