അരൂർ:ഭർത്താവിന്റെ മർദ്ദനത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ വീട്ടമ്മയോട് അരൂർ പൊലീസ് നീതി കാട്ടിയില്ലെന്ന് പരാതി. അരൂർ പഞ്ചായത്ത്‌ 19-ാം വാർഡ് മേപ്പാടത്ത് മിനിയ്ക്കാണ് കഴിഞ്ഞ 14 ന് വൈകിട്ട് ഭർത്താവ് പ്രജീഷിന്റെ മർദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റത്. ഇവരുടെ രണ്ട് പെൺമക്കളുടെ മുന്നിൽ വച്ചായിരുന്നു മർദ്ദനം. അരൂർ പൊലീസിൽ വിളിച്ച് സഹായം തേടിയെങ്കിലും ആരും എത്താതിരുന്നതിനെ തുടർന്ന് പെൺകുട്ടികൾ ആലപ്പുഴ എസ്.പിയെ ഫോണിൽ വിളിച്ചതിനു ശേഷമാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്. ഭർത്താവിന്റെ മർദ്ദനത്തെ തുടർന്ന് പരിക്കേറ്റ് ചോരയൊലിച്ച് വീട്ടിൽ നിൽക്കുകയായിരുന്ന മിനിയെ ആശുപത്രിയിൽ എത്തിക്കാൻ പോലും പൊലീസ് തയ്യാറായില്ല. ഭാര്യയും ഭർത്താവും സ്റ്റേഷനിൽ എത്തണമെന്ന് നിർദ്ദേശിച്ച് പൊലീസ് മടങ്ങിയതായും സ്റ്റേഷനിൽ ചെന്ന ഭർത്താവിന് വി.ഐ.പി പരിഗണനയും മർദ്ദനമേറ്റ സ്ത്രീയ്ക്ക് അധിക്ഷേപവും നേരിടേണ്ടി വന്നതായും പരാതിയുണ്ട്. സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് വനിതാ സി.പി.ഒമാർ വളരെ അവഗണനയോടെയാണ് പെരുമാറിയതെന്ന് മിനി പറഞ്ഞു. പരിക്കേറ്റ മിനി പിന്നീട് ചേർത്തല താലുക്ക് ആശുപത്രിയിൽ ചികിത്സ തേടി. മിനിയുടെ ഭർത്തായ പ്രജീഷിനെ കുടുംബ കോടതി മുൻപ് ശിക്ഷിച്ചിട്ടുണ്ട്. ഇന്നലെ എസ്.പിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതെന്നും പരാതിയുണ്ട്. എന്നാൽ സംഭവത്തിൽ പൊലീസ് യഥാസമയം നടപടി സ്വീകരിച്ചതായും മറ്റുള്ള ആക്ഷേപങ്ങൾ വാസ്തവ വിരുദ്ധവുമാണെന്നാണ് അരൂർ പൊലീസ് പറയുന്നത്