മാവേലിക്കര: ഗതാഗതകുരുക്കിൽ അകപ്പെട്ട് പുതിയകാവ് ജംഗ്ഷൻ. മാവേലിക്കര നഗരത്തിലെ പ്രധാനപ്പെട്ട രണ്ടാമത്തെ ജംഗ്ഷനാണ് പുതിയകാവ്. പന്തളം ,ഹരിപ്പാട് റോഡും തിരുവല്ലയിൽ നിന്ന് കായംകുളത്തേക്കുള്ള റോഡും സംഗമിക്കുന്ന ജംഗ്ഷനാണ് പുതിയകാവ്. എന്നാൽ വേണ്ടത്ര ഗതാഗത ക്രമീകരണം ഇവിടെ ഇല്ലാത്തതാണ് ജംഗഷനിൽ ഗതാഗത കുരുക്കിന് കാരണം. ഈ ജംഗ്ഷനിലെ തിരക്ക് ഒഴിവാക്കാൻ തിരുവല്ല-മാവേലിക്കര റോഡ് വൺവേ ആക്കിയിട്ടുപോലും പുതിയകാവ് കടന്നുകിട്ടാൻ ഏറെ സമയം എടുക്കുന്നതാണ് കാഴ്ച. ഇവിടെയുള്ള ക്ഷേത്രത്തിലോ പള്ളിയിലോ വിശേഷങ്ങളും വിവാഹങ്ങളും വന്നാൽ പുതിയകാവ് ജംഗ്ഷൻ കടക്കാൻ മിനിമം അരമണിക്കൂർ സമയം എടുക്കും.ഇത്രയേറെ തിരക്ക് ഉണ്ടായിട്ടും പുതിയകാവ് ജംഗ്ഷനിൽ സിഗ്നൽ സംവിധാനം സ്ഥാപിച്ചിട്ടില്ല. ഗതാഗതം നിയന്ത്രിക്കാൻ ഇവിടെ ആകെ ഉള്ളത് ഒരു ഹോം ഗാർഡ് മാത്രമാണ്. ഈ ഒരാളുടെ സേവനംകൊണ്ട് പരിഹരിക്കാൻ കഴിയുന്നതല്ല പുതിയകാവിലെ ഗതാഗത കുരുക്ക്.
........
മാറ്റമില്ലാതെ ബസ് സ്റ്റേപ്പുകൾ
പുതിയകാവ് ജംഗ്ഷനിൽ തന്നെയാണ് പന്തളം,മാവേലിക്കര ഭാഗത്തേക്കുമുള്ള രണ്ട് ബസ് സ്റ്റോപ്പുകളും. വാഹനം കുറവായിരുന്ന കാലത്ത് തുടങ്ങിയ ഈ രീതി ഇന്നും തുടരുകയാണ്. റോഡിന് ആവശ്യത്തിന് വീതി ഇല്ലാത്ത ഇവിടെ ബസ് സ്റ്റോപ് മാറ്റാത്തത് ഏറെ പ്രതിസന്ധി ഉണ്ടാക്കുന്നു. ഹരിപ്പാട് പന്തളം റോഡിന്റെ പുനർ നിർമ്മാണം നടത്തിയപ്പോളും ബസ് നിറുത്തുന്നത് ജംഗ്ഷനിൽ നിന്ന് മാറ്റിയില്ല. മാവേലിക്കര ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം ജംഗ്ഷന് സമീപത്തായി തന്നെ സ്ഥാപിക്കുകയും ചെയ്തു.
.......
വഴിയോര കച്ചവടം
മാവേലിക്കരയിൽ ഏറ്റവും അധികം വഴിയോര കച്ചവടക്കാർ ഉള്ളത് പുതിയകാവ് മുതൽ ആശുപത്രി ജംഗ്ഷൻ വരെയുള്ള റോഡിലാണ്. ഇവർ വഴിയോരങ്ങൾ കൈയ്യടക്കുന്നത് കാരണം കാൽനടയാത്രക്കാർക്ക് റോഡിലേക്ക് ഇറങ്ങി നടക്കേണ്ടി വരുന്നു. ഇത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. തിരക്കേറിയ റോഡിലെ വഴിയോര കച്ചവടം നിയന്ത്രിച്ചാൽ പുതിയകാവ് ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ കഴിയും.