ആലപ്പുഴ: അക്രമസംഭവങ്ങളും ഗുണ്ടാവിളയാട്ടവും തുടർക്കഥയായ ആലപ്പുഴയിൽ കളക്ടർമാരുടെ നിരന്തര കസേരമാറ്റത്തിൽ താളംതെറ്റി കാപ്പ നടപടികൾ. മൂന്നിലധികം ക്രിമിനൽ കേസുകളിൽ പ്രതിയും സ്ഥിരം പ്രശ്നക്കാരുമായ 400 ഓളംപേർക്കെതിരെ കാപ്പ നിയമപ്രകാരം ജില്ലാപൊലീസ് സമർപ്പിച്ച ശുപാർശകളിൽ പകുതിയിലും മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ല. കാപ്പ പ്രകാരമുള്ള അറസ്റ്റ്, നാടുകടത്തൽ ഫയലുകളിലാണ് ആലപ്പുഴ കളക്ടറേറ്റിലെ മെല്ലപ്പോക്ക്.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ അരഡസനോളം കളക്ടർമാർ മാസങ്ങളുടെ ഇടവേളകളിൽ മാറിമറിഞ്ഞതാണ് ആലപ്പുഴ കളക്ടറേറ്റിൽ കാപ്പ നടപടി ശുപാർശ ചെയ്ത് ഫയലുകൾ കെട്ടിക്കിടക്കാൻ കാരണം.
2022 ഫെബ്രുവരിയിൽ ഡോ.രേണുരാജ് മുതൽ ഇപ്പോഴത്തെ കളക്ടർ അലക്സ് വർഗീസ് വരെ മാറി മാറിയെത്തിയ കളക്ടർമാർക്ക് മുന്നിൽ കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിലെത്തിയ ഫയലുകളിലാണ് നടപടി വൈകുന്നത്. 2023ൽ കാപ്പ നടപടി ശുപാർശ ചെയ്ത 250 ഫയലുകളിൽ 14 പേർക്കെതിരെയാണ് അറസ്റ്ര് ഉത്തരവുണ്ടായത്. നാട് കടത്തലിനും സഞ്ചലനവിലക്കിനും 96 പേർ വിധേയരായപ്പോൾ 140 പേർക്കെതിരായ നടപടികൾ ഇപ്പോഴും ഫയലിലുറങ്ങുകയാണ്. 2024ൽ ഇതുവരെ 20 അറസ്റ്റ് ശുപാർശകളിൽ അഞ്ചുപേരാണ് അറസ്റ്റിലായത്. 77നാടുകടത്തൽ ശുപാർശകളിൽ 36ൽ ഇനിയും തീരുമാനമായില്ല.
അറസ്റ്റ് ഉത്തരവ് കാക്കുന്നത് 120 ഓളം ഫയലുകൾ
1. കാപ്പനിയമ പ്രകാരം കരുതൽ തടങ്കലിൽവയക്കേണ്ട കുറ്റവാളികൾക്കെതിരായ നടപടികളിൽ കാലതാമസം വന്നതോടെ, സ്ഥിരം കുറ്റവാളികളെയും കുഴപ്പക്കാരെയും നല്ല നടപ്പിന്റെ ഭാഗമായി ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്
2.സംസ്ഥാനത്താകമാനം ഗുണ്ടകൾക്കും കുറ്റവാളികൾക്കുമെതിരായ നടപടികൾ ശക്തമാക്കിയ സാഹചര്യത്തിൽ ജില്ലയിലും നടപടികൾ ഊർജിതമാക്കിയിട്ടുണ്ടെങ്കിലും കാപ്പ നടപടികൾ ശക്തമാക്കാത്തത് ക്രമസമാധാന പാലനത്തിനും സ്വൈരജീവിതത്തിനും ഭീഷണിയാണ്
3. ലോക് സഭാതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കാപ്പ നടപടികൾ ത്വരിതപ്പെടുത്താൻ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്ന് കളക്ടറേറ്റിലേക്ക് അപേക്ഷകൾ സമർപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.
4.ജില്ലാപൊലീസ് മേധാവിയുടെ ശുപാർശയിൽ സ്ഥിരം പ്രശ്നക്കാരായ കുറ്റവാളികൾക്ക് എറണാകുളം റേഞ്ച് ഡി.ഐ.ജി കാപ്പ നിയമപ്രകാരം ആലപ്പുഴ ജില്ലയിൽ സഞ്ചലന നിരോധനം ഏർപ്പെടുത്തുന്നതാണ് ആകെയുള്ള ആശ്വാസം
................................................
കാപ്പാനിയമ പ്രകാരമുള്ള അറസ്റ്റ് നടപടികൾ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള പ്രത്യേക സാഹചര്യങ്ങളിൽ കാലതാമസം നേരിട്ടെങ്കിലും കഴിഞ്ഞ ഒരു വർഷത്തിനകം നൂറിലേറെപ്പേരെ ജില്ലയിൽ പ്രവേശിക്കുന്നത് ഡി.ഐ.ജി വിലക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചുമതലകൾ അവസാനിച്ചതോടെ കളക്ടറേറ്റിലെ കാപ്പ വിഭാഗത്തിൽ ഫയൽ നടപടികൾ വേഗത്തിലായിട്ടുണ്ട്.
- ജില്ലാപൊലീസ് മേധാവിയുടെ കാര്യാലയം, ആലപ്പുഴ.
...............................
കാപ്പ നടപടി
2023
അറസ്റ്റ് ശുപാർശ: 42
നടപ്പാക്കിയത് :14
നാടുകടത്തൽ : 208
നാടുകടത്തിയത്: 82
സഞ്ചലന വിലക്ക്: 52
2024
അറസ്റ്റ് ശുപാർശ: 20
നടപ്പാക്കിയത് : 5
നാടുകടത്തൽ: 77
നാടുകടത്തിയത്:41
സഞ്ചലന വിലക്ക്:12