ആലപ്പുഴ: ശുദ്ധജല ദൗർലഭ്യം നേരിടുന്ന മേഖലകളിൽ കുടിവെള്ളം ഉറപ്പാക്കുന്നതിനായി പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്. ടി കുട്ടനാട്ടിലെ കണ്ടങ്കരി, വേഴപ്ര എന്നീ ഗ്രാമങ്ങളിൽ രണ്ട് ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു. കമ്പനിയുടെ സി.എസ്.ആർ സംരംഭമായ അഡോപ്ട് എ വില്ലേജ് ഉദ്യമത്തിന്റെ ഭാഗമായാണിത്. നേരത്തെ മിത്രക്കരി, ഊരുക്കരി എന്നിവിടങ്ങളിൽ പ്ളാന്റ് സ്ഥാപിച്ചിരുന്നു. വേഴപ്രയിൽ 750ൽ അധികം കുടുംബങ്ങളും കണ്ടങ്കരിയിൽ 250ൽ അധികം കുടുംബങ്ങളുമാണ് താമസിക്കുന്നത്. യു.എസ്.ടി യുടെ കൊച്ചി കേന്ദ്രത്തിലെ സി.എസ്.ആർ അംബാസഡർ പ്രശാന്ത് സുബ്രഹ്മണ്യൻ, സി.എസ്.ആർ പ്രവർത്തകരായ ഷൈൻ വർഗീസ്, രാമുകൃഷ്ണ എന്നിവർ ചേർന്ന് പ്ളാന്റുകൾ തദ്ദേശവാസികൾക്ക് കൈമാറി.