arr

അരൂർ : ഡിസംബറിനുള്ളിൽ വിനിയോഗിച്ചില്ലെങ്കിൽ അനുവദിച്ച 3 കോടി റദ്ദായി പോകുമെന്നിരിക്കെ അരൂർ അഗ്നിരക്ഷാ നിലയത്തിന്റെ സ്വന്തം കെട്ടിടം എന്ന സ്വപ്നം തുലാസിലായി. നിശ്ചിത കാലാവധിക്കുള്ളിൽ കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾക്ക് തുടക്കം പോലുമാകാത്തതാണ് ആശങ്കയ്ക്ക് കാരണം. കെട്ടിടം നിർമ്മിക്കേണ്ടത് കായലിന് സമീപത്തായതിനാൽ തീരദേശ പരിപാലന നിയമ പ്രകാരം അനുമതി ആവശ്യമാണ്. അനുമതി ലഭിക്കാനുള്ള നടപടിക്രമങ്ങൾക്കും ഫീസിനുമായി വേണ്ട 7 ലക്ഷം രൂപയ്ക്കായി ഫയർഫോഴ്സ് വകുപ്പ് സർക്കാരിന് അപേക്ഷ നൽകിയിട്ട് 2മാസം പിന്നിട്ടെങ്കിലും തുടർനടപടിയുണ്ടായിട്ടില്ല. സ്റ്റേഷന്റെ നിർദ്ദിഷ്ട സ്ഥലത്ത് ചുറ്റുമതിൽ പോലും ഇതുവരെ നിർമ്മിക്കാനായിട്ടില്ല. അരൂരിലെ പഴയ പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന കൈതപ്പുഴ കായലിനരികിലെ അരൂർ -ഇടക്കൊച്ചി പാലത്തിന് സമീപള്ള സ്ഥലത്താണ് ഫയർ സ്റ്റേഷന് കെട്ടിടം നിർമ്മിക്കേണ്ടത്. ഫയർ ഫോഴ്സ് വകുപ്പിന് വ്യവസായ വകുപ്പ് സ്ഥലം രേഖാമൂലം നേരത്തേ കൈമാറിയിരുന്നു. ഇവിടെ ചുറ്റുമതിൽ നിർമ്മിക്കാനും കെട്ടിടനിർമ്മാണത്തിനും പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും തുടർനടപടികൾ ചുവപ്പുനാടയിൽ കുടുങ്ങി. താത്കാലിക സൗകര്യത്തിലാണ് ഇപ്പോൾ ഫയർ സ്റ്റേഷൻ അരൂർ വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നത്.

..........

 തീരദേശ പരിപാലന നിയമത്തിൽ കുരുങ്ങി സ്ഥലമെടുപ്പ്

#2018

അരൂരിലെ താത്കാലിക ഫയർ സ്റ്റേഷൻ 2018 ഏപ്രിൽ 9ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഒരു വർഷത്തിനുള്ളിൽ ഫയർ സ്റ്റേഷന് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിൽ ഉറപ്പ് നൽകിയതാണ്.

.................

# 33 സ്റ്റേഷൻ ഓഫീസർ അടക്കം 25 ജീവനക്കാരാണ് ഇവിടെയുള്ളത്.8 ഹോം ഗാർഡുകളുമുണ്ട്. ഒരു ഡ്രൈവർ തസ്തിക ഒഴിഞ്ഞു കിടക്കുന്നു.

.........

1. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ചെറുതും വലുതുമായ 100 ഓളം വ്യവസായ സ്ഥാപനങ്ങളുള്ള അരൂരിൽ അഗ്നി രക്ഷാനിലയത്തിന് പ്രാധാന്യമേറെ.

2.അരൂർ കെ.എസ്.ഇ.ബി ഓഫീസ് അങ്കണത്തിലെ അസൗകര്യങ്ങൾ നിറഞ്ഞ 2 കെട്ടിടത്തിലായിട്ടാണ് ഇപ്പോൾ സ്റ്റേഷൻ പ്രവർത്തിച്ചു വരുന്നത്.

3. താഴ്ന്ന പ്രദേശമായതിനാൽ ഒറ്റ മഴയിൽ സ്റ്റേഷൻ പരിസരം വെള്ളത്തിൽ മുങ്ങും. സേനാംഗങ്ങൾ ചേർന്ന് പമ്പ് ചെയ്താണ് വെള്ളമൊഴുക്കി കളയുന്നത്.

4. വിദേശനാണ്യം നേടി തരുന്ന അനേകം ചെമ്മീൻ സംസ്ക്കരണ കയറ്റുമതി സ്ഥാപനങ്ങളും മറ്റ് നിരവധി വ്യവസായ സ്ഥാപനങ്ങളും അരൂരിലുണ്ട്. ഫയർ സ്റ്റേഷന് മതിയായ വാഹനങ്ങളോ അപകടങ്ങളെ നേരിടാൻ തക്ക ആധുനിക ഉപകരണങ്ങളോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തത് വലിയ പോരായ്മയാണ് 5.ജനങ്ങളുടെ നിരന്തര ആവശ്യം കണക്കിലെടുത്ത് എ.എം.ആരിഫ് എം.എൽ.എ ആയിരിക്കെയാണ് 2019 ലെ ബഡ്ജറ്റിൽ 3 കോടി രൂപ സ്റ്റേഷന് വകയിരുത്തിയത്