കായംകുളം: മഴക്കാലത്തിന് മുന്നോടിയായി വെള്ളക്കെട്ട് ഒഴിവാക്കിയും മാലിന്യം നീക്കം ചെയ്തും മഴക്കാല രോഗപ്രതിരോധം ഉറപ്പാക്കുന്നതിനായി കായംകുളം നഗരസഭയുടെ നേതൃത്വത്തിൽ 18,19 തീയതികളിൽ മെഗാ ശുചീകരണ യഞ്ജം നടക്കും.

വാർഡ് തലത്തിൽ എല്ലാ പ്രധാന സ്ഥലങ്ങളും ശുചീകരിക്കുന്നതിന് വാർഡ് കൗൺസിലർ ചെയർമാനായ സാന്നിട്ടേഷൻ സമിതികൾ യോഗം ചേർന്ന് തീരുമാനം എടുത്തു. ഇതിടനുബന്ധിച്ച് പൊതുജന പങ്കാളിത്തത്തോടെ പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും ശുചീകരണം നടത്തും. ഓരോ വീട്ടിലും സ്വന്തം നിലയിൽ ശുചീകരണം നടത്തണം. വരും ദിവസങ്ങളിൽ എല്ലാ കുടിവെള്ള സ്രോതസുകളും ക്ലോറിനേഷൻ നടത്തും. ശനി, ഞായർ ദിവസങ്ങളിൽ നടത്തിവരുന്ന ഡ്രൈഡേ ആചരണം മഴക്കാലം അവസാനിക്കും വരെ തുടരും. നഗരസഭയുടെ അടിയന്തര കൌൺസിൽ യോഗം പ്രവർത്തനമാർഗ്ഗരേഖ ചർച്ച ചെയ്ത് അംഗീകരിച്ചു. ചെയർപേഴ്സൺ പി. ശശികലയുടെ അദ്ധ്യക്ഷത വഹിച്ചു. ശുചീകരണ യഞ്ജത്തിൽ ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആശ പ്രവർത്തകർ, തൊഴിലുറപ്പ് ജീവനക്കാർ, അങ്കണവാടി ജീവനക്കാർ, ഹരിതകർമ്മസേന അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, റെസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ എന്നിവർക്ക് ഒപ്പം എല്ലാ പൊതുജനങ്ങളും പങ്കാളികളാകണമെന്ന് നഗരസഭാ ചെയർപേഴ്സൺ ആവശ്യപ്പെട്ടു.