അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ സൗജന്യ സേവനത്തിനെന്ന പേരിൽ കയറി പറ്റിയ ചില ട്രെയിനി ടെക്നീഷ്യമാരും താത്കാലിക ജോലിക്കാരും (എച്ച്.ഡി.സി ജീവനക്കാർ) എക്സ് റേ എടുക്കൽ താമസിപ്പിക്കുകയും രോഗികളുടെ ബന്ധുക്കളോട് തട്ടിക്കയറുന്നതായും പരാതി ഉയരുന്നു. ഇതേ തുടർന്ന് നിരവധി രോഗികളാണ് ട്രോളികളിലും വീൽ ചെയറിലുമായി ഇടുങ്ങിയ വരാന്തയിൽ എക്സ് റെ എടുക്കാനായി മണിക്കൂറുകൾ കാത്ത് കിടക്കുന്നത്. അപകടത്തിൽപ്പെട്ട് അത്യാസന്ന നിലയിൽപ്പെട്ടവരും ഇതിൽപ്പെടും.
ആശുപത്രിയിൽ ഡിജിറ്റൽ എക്സ് റെയ്ക്ക് 70 രൂപയാണ് ഈടാക്കുന്നത്. ബി.പി.എൽ രോഗികൾക്ക് 30 രൂപയും. പുറത്തെ ലാബുകളിൽ 300 രൂപ വരെ ഈടാക്കുന്നുണ്ട്. എക്സറേ ഫിലിം ലഭിക്കാൻ 15 മിനിറ്റാണ് മിനിമം വേണ്ടത്. എന്നാൽ ഇവിടെ ഒന്നര മണിക്കൂറോളം കഴിഞ്ഞാണ് ലഭിക്കുന്നത്. ഫിലിം ലഭിക്കാൻ വൈകുന്നത് പരിശോധനയും രോഗ നിർണയവും നടത്താൻ ഡോക്ടമാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. നിരവധി പരാതികൾ ലഭിച്ചിട്ടും റേഡിയേഷൻ വിഭാഗം മേധാവി എക്സ്റെ ലാബിലേക്ക് തിരിഞ്ഞ് നോക്കുന്നില്ലെന്ന പരാതിയാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉള്ളത്.