ആലപ്പുഴ: ജനപങ്കാളിത്തത്തോടെയുള്ള മഴക്കാലപൂർവ ശുചീകരണത്തിന് ജില്ലയിൽ തുടക്കം. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് രണ്ടുദിവസത്തെ മെഗാക്ലീനിംഗ്. ആദ്യ ദിവസം സർക്കാർ സ്ഥാപനങ്ങളാണ് ശുചീകരിച്ചത്.പെരുമ്പളം ഗവ.ഹയർസെക്കന്ററി സ്‌കൂളിലെ ശുചീകരണ പ്രവർത്തികളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിച്ചു. ഇന്ന് പൊതുഇടങ്ങൾ ശുചിയാക്കും. ജില്ലാപഞ്ചായത്ത്, നഗരസഭകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, പഞ്ചായത്തുകൾ തുടങ്ങിയ തദ്ദേശഭരണസ്ഥാപനങ്ങളുടെയും സന്നദ്ധ സാംസ്കാരിക, സാമൂഹ്യ സംഘടനകളുടെയും നേതൃത്വത്തിലാണ് ക്ലീനിംഗ്.
മെഗാക്ലീനിംഗിന്റെ ഭാഗമായി ജില്ലയിലെ 1169 ഗ്രാമപഞ്ചായത്ത് വാർഡുകളിലും 215 മുനിസിപ്പൽ വാർഡുകളിലും നാല് വീതം ശുചീകരണ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ കുറഞ്ഞത് 25 സന്നദ്ധ സേവകർ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമാകും. റസിഡന്റ്സ് അസോസിയേഷൻ, യുവജന സംഘടനകൾ, വ്യാപാരി വ്യവസായി സംഘടനകൾ, കുടുംബശ്രീ യൂണിറ്റുകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമസേന എന്നിവരും ഭാഗമാകും.
പകർച്ചവ്യാധി തടയുന്നതിനായി ഹോട്ട്‌സ്‌പോട്ടുകൾ, മാലിന്യ കൂമ്പാരങ്ങൾ എന്നിവയുടെ പട്ടിക മെഗാ ക്ലീനിംഗിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്. ഇവിടെയെല്ലാം ശുചീകരിക്കും. വെള്ളപ്പൊക്ക സാദ്ധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിലെ ഓടകളും കനാലുകളും ചെറുതോടുകളും വൃത്തിയാക്കി ഒഴുക്ക് സുഗമമാക്കും.
രണ്ട് ടൺ മാലിന്യം നീക്കി
ചേർത്തലയിൽ 14 റോഡരികുകൾ ശുചിയാക്കി. 11കിലോമീറ്റർ പാതയോരമാണ് മൂന്നൂറോളം സന്നദ്ധ പ്രവർത്തകർ ചേർന്ന് ശുചീകരിച്ചത്. ഇതിന്റെ ഭാഗമായി രണ്ട് ടൺ മാലിന്യം ശേഖരിച്ച് നീക്കി. നഗരശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച ജൈവമാലിന്യം എയറോബിക്ക് യൂണിറ്റിലേക്കും അജൈവമാലിന്യങ്ങൾ ഹരിതകർമ്മസേന വഴി റീ സൈക്ലിംഗ് യൂണിറ്റിലേക്കും എത്തിച്ചു.