ആലപ്പുഴ: മഴക്കാലപൂർവ്വ മെഗാ ക്ലീനിംഗിന്റെ ഭാഗമായി ആലപ്പുഴ നഗരസഭയിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ 52 വാർഡുകളിൽ 600 കേന്ദ്രങ്ങൾ ശുചീകരിച്ചു. രണ്ട് മേഖലകളായി തിരിച്ച് നടത്തിയ പൊതുശുചീകരണ യജ്ഞം രാവിലെ തെക്കൻ മേഖലയിൽ ശതാബ്ദി മന്ദിരത്തിനു സമീപം എച്ച്.സലാം എം.എൽ.എ, വടക്കൻ മേഖലയിൽ മിനി സിവിൽ സ്റ്റേഷനു സമീപം പി.പി.ചിത്തരഞ്ജൻ എം.എൽ.എ എന്നിവർ ഉദ്ഘാടനം ചെയ്തു.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, തൊഴിലാളികൾ, റോട്ടറി, ലയൺസ് ക്ലബുകൾ,തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, ഹരിതകർമ്മ സേനാംഗങ്ങൾ, അങ്കണവാടി ആശ പ്രവർത്തകർ, യുവജന സംഘടനാ പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനകൾ, എൻ.എസ്.എസ് വാളന്റിയർമാർ, തൊഴിലാളി സംഘടനകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, സ്വയം സഹായ സംഘങ്ങൾ തുടങ്ങിയവർ ക്യാമ്പയിന്റെ ഭാഗമായി ശുചീകരണത്തിൽ പങ്കാളിയായി. നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.എസ്.കവിത, എം.ആർ.പ്രേം, നസീർപുന്നക്കൽ, എം.ജി.സതീദേവി, ആർ.വിനിത, കൗൺസിലർമാരായ സലിം മുല്ലാത്ത്, ബി.അജേഷ്, ബി.നസീർ, ബി.മെഹബൂബ്, ക്ലാരമ്മ പീറ്റർ, സിമിഷാഫിഖാൻ നഗരസഭ സെക്രട്ടറി എ.എം.മുംതാസ്, ഹെൽത്ത് ഓഫീസർ കെ.പി.വർഗീസ്, മാലിന്യ മുക്ത നവകേരളം നോഡൽ ഓഫീസർ സി.ജയകുമാർഎന്നിവർ സംസാരിച്ചു. 52 വാർഡുകളിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബി.മനോജ് കുമാർ, ബി.എ.ശ്യാം കുമാർ, എം.ജിഷ, ശങ്കർ മണി എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

........

#ശുചീകരണം

കൊതുക് ഉറവിട നശീകരണം, നീർച്ചാലുകളിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കൽ, ഹോട്ട് സ്‌പോട്ടുകൾ നീക്കം ചെയ്യൽ, കിണറുകളുടെ ക്ലോറിനേഷൻ തുടങ്ങിയവ നടത്തി. ശുചീകരണ കേന്ദ്രങ്ങളിൽ തന്നെ പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ ചാക്കുകളിൽ ശേഖരിച്ച് നഗരസഭ എം.സി.എഎഫ് കളിലേക്ക് നീക്കം ചെയ്തു. ജൈവമാലിന്യങ്ങൾ സാധ്യമായവ എയ്‌റോബിക് യൂണിറ്റുകളിലേക്ക് മാറ്റുന്ന പ്രവർത്തനം തുടരുന്നു. അല്ലാത്തവ അതാത് വാർഡുകളിൽ തന്നെ നിർമ്മാർജ്ജനം ചെയ്യും.