തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിൽ വൈശാഖോത്സവത്തോടനുബന്ധിച്ച് നരസിംഹമൂർത്തിയുടെ പിറന്നാൾ ദിനമായ 22ന് നരസിംഹ ജയന്തി ഉത്സവം നടക്കും. നാല് ഗജവീരന്മാർ എഴുന്നള്ളത്തിന് അണിനിരക്കും. 22ന് രാവിലെ 6ന് ഭാഗവത പാരായണം,​ 9 ന് ശ്രീബലി,​വൈകിട്ട് 5ന് കാഴ്ചശ്രീബലി,​ വൈശാഖോത്സവത്തിന്റെ സമാപന ദിവസമായ ജൂൺ 6 ന് ക്ഷേത്രം തന്ത്രി പുതുമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ,​ ക്ഷേത്രത്തിനു മുൻവശം പ്രത്യേകം തയ്യാറാക്കിയിട്ടുള്ള മണ്ഡപത്തിൽ സഹസ്ര കലശം നടക്കും. ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തർക്കും എല്ലാ ദിവസവും അന്നദാനമുണ്ടാകും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനുമതിയോടെ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. എല്ലാം ഒരുക്കങ്ങളും പൂർത്തിയായതായി ഉപദേശക സമിതി പ്രസിഡന്റ് പി.എസ്. സുനിൽകുമാർ, സെക്രട്ടറി ആർ.രമേശൻ എന്നിവർ അറിയിച്ചു.