മാന്നാർ: കിഴിവിന്റെ പേരിൽ മില്ലുടമകൾ നെല്ല് സംഭരിക്കാത്തതിൽ ഉദ്യോഗസ്ഥരെ തടഞ്ഞു വച്ച് പ്രതിഷേധിച്ചതിനെ തുടർന്ന് നെല്ല് സംഭരണം തുടങ്ങിയ മാന്നാർ നാലുതോട് പാടശേഖരത്തിൽ നെല്ല് സംഭരണം വീണ്ടും നിലച്ചു. മില്ലുകാർ അന്യായമായ കിഴിവ് ആവശ്യപ്പെട്ടതിനെ തുടർന്ന് നാലുതോട് പാടശേഖരത്തിൽ നെൽകർഷകർ കഴിഞ്ഞ 16ന് ഉദ്യോഗസ്ഥരെ തടഞ്ഞു വച്ച് പ്രതിഷേധിച്ചിരുന്നു. പാഡി മാർക്കറ്റിംഗ് ഓഫീസർ അഞ്ജു, കൃഷി അസി.ഡയറക്ടർ മായാ ഗോപാലകൃഷ്ണൻ, കൃഷി ഓഫീസർ ഹരികുമാർ എന്നിവർ നടത്തിയ ചർച്ചയിൽ, കല്പന റൈസ് മിൽ ക്വിന്റലിന് 10കിലോ കിഴിവിന് അടുത്ത ദിവസം മുതൽ നെല്ലെടുക്കുമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് ഉപരോധ സമരം അവസാനിപ്പിച്ചത്. നെല്ല് നിറയ്ക്കാൻ ചാക്ക് ലഭിക്കാത്തത് മൂലം ഒരുദിവസം വൈകി ശനിയാഴ്ച നെല്ല് സംഭരണം ആരംഭിച്ചു. മൂന്ന് ലോഡ് നെല്ല് കയറിപ്പോയതിനു ശേഷം മില്ലുടമകൾ 15 ശതമാനം കിഴിവിനു നിർബന്ധം പിടിച്ചതോടെ നെല്ല് സംഭരണം നിലച്ചിരിക്കുകയാണ്. ഇന്നലെ നെല്ല് കയറ്റാൻ മില്ലുകാർ എത്തിയില്ല.
അപ്പർ കുട്ടനാടൻ മേഖലയായ മാന്നാർ, ചെന്നിത്തല പ്രദേശങ്ങളിൽ വിളവെടുപ്പ് നടത്തിയ നെൽകർഷകർക്ക് നെല്ല് സംഭരണം വൈകുന്നതും ഒപ്പം വേനൽ മഴ പെയ്തിറങ്ങുന്നതും ഏറെ ദുരിതങ്ങളാണ് സമ്മാനിക്കുന്നത്. വിളവ് കുറഞ്ഞതോടെ കൊയ്ത്ത് ഉപേക്ഷിക്കുവാനുള്ള തീരുമാനമെടുത്ത നാലുതോട് പാടശേഖരത്തിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നിർബന്ധത്തിന് വഴങ്ങിയാണ് കൊയ്ത്ത് നടത്തിയത്. ഇത്തവണ കനത്ത ചൂടിൽ വിളവും മോശമായി. മില്ലുടമകൾ വീണ്ടും കിഴിവിനു നിർബന്ധംപിടിച്ചാൽ ശക്തമായ പ്രതിഷേധ സമരങ്ങൾ നടത്തുമെന്ന് നാലുതോട് പാടശേഖര സമിതി മുന്നറിയിപ്പ് നൽകി.
.........
#ഒത്തുകളിയെന്ന് കർഷകർ
കർഷകരിൽ നിന്ന് 15 ശതമാനം കിഴിവിനായി മില്ലുകാർ കടും പിടുത്തം പിടിക്കുന്നതാണ് നെല്ല് സംഭരണം തടസപ്പെടുന്നത്. നെല്ലിന് ഗുണനിലവാരം കുറവാണെന്നാണ് മില്ലുകാരുടെ വാദം. എന്നാൽ നാലുതോട് പാടശേഖരത്തി ക്വാളിറ്റി കൺട്രോളർ നേരത്തെ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പ് വരുത്തുകയും ഏഴര ശതമാനം കിഴിവിനു നിർദ്ദേശിക്കുകയും ചെയ്ത നെല്ലിനാണ് ചർച്ചയെ തുടർന്ന് പത്ത് ശതമാനം കിഴിവ് നൽകിയത്. വീണ്ടും കിഴിവ് കൂടുതൽ ആവശ്യപ്പെടുന്നതിനു പിന്നിൽ ഉദ്യോഗസ്ഥരും മില്ലുകാരും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് കർഷകർ ആരോപിക്കുന്നത്.