പൂച്ചാക്കൽ: മാനസിക രോഗമുള്ള യുവാവിനെ ഒരു കൂട്ടം യുവാക്കൾ ചേർന്ന് തലക്കടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ബഹളം കേട്ട് ഓടി വന്ന സഹോദരനെയും അക്രമികൾ മർദ്ദിച്ചു. തൈക്കാട്ടുശേരി പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ തൈപ്പറമ്പിൽ ചന്ദ്രന്റെ മകൻ ശരത്ചന്ദ്രൻ (36) , സഹോദരൻ ശ്യാം എന്നിവരെയാണ് ആറോളം പേർ കൂട്ടം ചേർന്ന് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീടിന് സമീപം നിൽക്കുകയായിരുന്ന ശരത്തിനെ തടഞ്ഞ് നിർത്തി അക്രമികൾ ഇരുമ്പുവടിക്കൊണ്ട് തലയ്ക്ക് അടിക്കുകയും കൈകൾ തല്ലിയൊടിക്കുകയും ചെയ്തെന്ന് പൊലീസിൽ കൊടുത്ത പരാതിയിൽ പറയുന്നു. അക്രമികൾ എല്ലാവരും ഒളിവിലാണ്. ശരത്ചന്ദ്രൻ ആറ് വർഷമായി മാനസികരോഗത്തിന് മരുന്നു കഴിക്കുന്ന ആളാണ്. അക്രമികളെ ഉടൻ പിടികൂടുമെന്ന് പൂച്ചാക്കൽ പൊലീസ് അറിയിച്ചു.