ആലപ്പുഴ: കാലവർഷത്തിന് മുമ്പേ റാണിതോടും ഷഡാമണിതോടും ശുചിയാക്കാത്തത് നഗരത്തെ വെള്ളപ്പൊക്ക ഭീതിയിലാക്കുന്നു. മഴക്കാലത്തിന് മുന്നോടിയായി തോടുകളുടെ

ശുചീകരണത്തിന് 52 ലക്ഷം രൂപ വിനിയോഗിക്കാൻ നഗരസഭയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയെങ്കിലും റാണിതോടിന്റെയും ഷഡാമണിതോടിന്റെയും കാര്യത്തിൽ ടെണ്ടർ ഘട്ടത്തിലേയെത്തിയുള്ളൂ. നഗരസഭയുടെ ടെണ്ടർ ഏറ്റെടുക്കാൻ കരാറുകാർ എത്തിയാൽ തന്നെ, കാലവർഷത്തിന് മുമ്പ് പോളവാരി തോടുകളിലെ നീരൊഴുക്ക് എങ്ങനെ സുഗമമാക്കുമെന്ന കാര്യത്തിൽ ആർക്കും ഒരു

നിശ്ചയവുമില്ല. നഗരഹൃദയവും കളക്ടറേറ്രും റെയിൽവേ സ്റ്റേഷനുമുൾപ്പെടെ നഗരത്തിലെ ഒരു ഡസനോളം വാർഡുകളിലെ വെള്ളപ്പൊക്കക്കെടുതികൾ ഒഴിവാക്കാൻ സഹായിക്കുന്നത് റാണിതോടും ഷഡാമണിതോടുമാണ്.

തുക വകയിരുത്താത്തത് തിരിച്ചടി

1.കാലവർഷത്തിന് മുന്നോടിയായി തോടുകളുടെ ശുചീകരണത്തിന് വാർഡിന് 1ലക്ഷം രൂപവീതവും വാർ‌ഡ് ശുചീകരണത്തിന് 30,​000രൂപ വീതം അനുവദിക്കാറുണ്ട്. എല്ലാമാർച്ചിലും തോട് ശുചീകരണത്തിനുള്ള തുക വകയിരുത്തി ജില്ലാആസൂത്രണസമിതിയുടെ അംഗീകാരത്തോടെ ചെലവിടുന്നതായിരുന്നു പതിവ്

2.നഗരസഭ,​ ശുചിത്വമിഷൻ,​ എൻ.എച്ച്.എം എന്നിവിടങ്ങളിൽ നിന്നാണ് വാർ‌ഡ് ശുചീകരണന്നിനുള്ള 30,​000 രൂപ അനുവദിക്കേണ്ടത്. എന്നാൽ, ഇതിൽ നഗരസഭയുടെയും ശുചിത്വമിഷന്റെയും വിഹിതമായ 20,​000രൂപ മാത്രമാണ് അക്കൗണ്ടുകളിലെത്തിയത്. എൻ.എച്ച്.എമ്മിൽ നിന്നുള്ള വിഹിതത്തിന്റെ കാര്യത്തിലും തീരുമാനമാകേണ്ടതുണ്ട്.

3. ലോക്സഭാതിരഞ്ഞെടുപ്പിന്റെ തിരക്കിനിടെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തോട് ശുചീകരണത്തിനുള്ള തുക വകയിരുത്താൻ ശ്രദ്ധിക്കാതെ പോയതാണ് ഇത്തവണ

വിനയായത്.

4. നഗരത്തിലെ മുഴുവൻ വെള്ളവും കടലിലേക്ക് പോകുന്നത് ലജ്നത്ത്,​ സിവിൽ സ്റ്റേഷൻ,​ സഖറിയാ ബസാർ,​ റെയിൽവേസ്റ്റേഷൻ വാർഡുകളിലെ ചെറുതും വലുതുമായ നിരവധി തോടുകളിലൂടെയാണ്. അതിനാൽ അരലക്ഷംരൂപ വീതം ഈ വാർ‌ഡുകളിലേക്ക് സ്പെഷ്യൽ ഫണ്ടായി അനുവദിച്ചിരുന്നതും ഇത്തവണ ഉണ്ടായില്ല.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണ് ഫണ്ട് വിനിയോഗിക്കുന്നതിന് തടസമായത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രോജക്ട് മുൻകൂട്ടി തയ്യാറാക്കി ഡി.പി.സിയുടെ അംഗീകാരം വാങ്ങാൻ നഗരസഭയ്ക്ക് കഴിഞ്ഞില്ല
- മനു ഉപേന്ദ്രൻ,​ കൗൺസിലർ,​ കൊറ്റംകുളങ്ങര

വെള്ളപ്പൊക്ക നിവാരണ പ്രവർത്തനങ്ങൾക്ക് പൊരുമാറ്റച്ചട്ടം ബാധകമല്ലെന്ന ഉത്തരവ് ലഭിച്ചതോടെ തോടുകളുടെ ശുചീകരണ ജോലികൾ ടെണ്ടർ ചെയ്തിട്ടുണ്ട്. നടപടികൾ ഉടൻ പൂർത്തിയാക്കി തോടുകൾ വൃത്തിയാക്കാനാകും

- സെക്രട്ടറി,​ നഗരസഭ,​ ആലപ്പുഴ