ph

കായംകുളം: യുവാവിനെ ആളൊഴിഞ്ഞ റെയിൽവേ ട്രാക്കിലെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയും വടിവാൾ കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെക്കൂടി കായംകുളം പൊലീസ് അറസ്റ്റു ചെയ്‌തു. കൃഷ്ണപുരം അജന്ത ജംഗ്ഷന് കിഴക്കുവശം രേഷ്മ ഭവനത്തിൽ ആർ.രാഹുലാണ് (22) അറസ്റ്റിലായത്. മറ്റ് പ്രതികളായ കൃഷ്ണപുരം ഞക്കനാൽ അനൂപ് ഭവനത്തിൽ അനൂപ് ശങ്കർ (28),​ സഹോദരൻ അഭിമന്യു എന്ന സാഗർ (24),​ പത്തിയൂർ ചെമ്പക നിവാസിൽ അമൽ എന്ന ചിന്തു (24) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കൃഷ്ണപുരം കാപ്പിൽ പ്രസാദ് ഭവനത്തിൽ അരുൺപ്രസാദ് (26) ആണ് ക്രൂര മർദ്ദനത്തിന് ഇരയായത്. മർദ്ദനത്തിന്റെയും പൊലീസിനെ അറിയിച്ചാൽ കൊത്തി നുറുക്കുമെന്ന് വടിവാൾ ഉയർത്തി ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങൾ പ്രതികളുടെ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. 16ന് ഉച്ചയ്ക്ക് ഒരു മണിക്ക് ആക്കനാട് കോളനിയുടെ വടക്കുള്ള ഗ്രൗണ്ടിലും അതിനു വടക്കുള്ള റെയിൽവേ ട്രാക്കിനു സമീപത്തുമാണ് പൈശാചികമായ ആക്രമണം അരങ്ങേറിയത്.