ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ എം.എൽ.എ മെരിറ്റ് അവാർഡും കരിയർ കാർണിവലും 26, 27 തീയതികളിൽ പാതിരപ്പള്ളി കാംലോട്ട് കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എസ്.എസ്.എൽ.സിക്ക് ഫുൾ എപ്ലസ്, ഒമ്പത് എപ്ലസ്, പ്ലസ്ടുവിന് ഫുൾ എപ്ലസ്, അഞ്ച് എപ്ലസ്, സി.ബി.എസ്.ഇക്ക് 90 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങിയയവർ ഉൾപ്പെടെ 1245 വിദ്യാർത്ഥികൾക്ക് അവാർഡ് നൽകും. മികച്ച വിജയം നേടിയ സ്‌കൂളുകൾക്ക് ട്രോഫിയും സമ്മാനിക്കും. സമഗ്രവിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ വിജ്ഞാനജ്യോതിയുടെ ഭാഗമായിട്ടാണ് അവാർഡുദാനം. സഹപാഠിക്കൊരു വീട് പദ്ധതിയിൽ നിർദ്ധനരായ രണ്ടുപേർക്ക് വീട് നിർമിച്ച് നൽകും.
26ന് രാവിലെ 9.30ന് മന്ത്രി പി.പ്രസാദ് കരിയർ കാർണിവൽ ഉദ്ഘാടനം ചെയ്യും. 27ന് രാവിലെ 10ന് അവാർഡ്ദാനം മന്ത്രി സജി ചെറിയാൻ നിർവഹിക്കും.

വാർത്താസമ്മേളനത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ജില്ല പഞ്ചായത്ത് അംഗം അഡ്വ. ആർ.റിയാസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുദർശനഭായ്, ബി.അരുൺ എന്നിവരും പങ്കെടുത്തു.