ആലപ്പുഴ: തോരാമഴയിൽ നഗരത്തിൽ എ.എസ് കനാലിലെ ജലനിരപ്പ് ഉയർന്നതോടെ 200ൽ അധികം കുടുംബങ്ങൾ വെള്ളത്തിൽമുങ്ങി. ആറാട്ടുവഴി, പോപ്പി പാലങ്ങളുടെ പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് കനാലിന് കുറുകെ നിർമ്മിച്ച ബണ്ട് മൂലം, വാടക്കനാലിലൂടെ വേമ്പനാട്ട് കായലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടു. ഇതോടെ ആറാട്ടുവഴി മുതൽ പാതിരപ്പള്ളിവരെയുള്ള എ.എസ് കനാലിനോട് ചേർന്നുള്ള വീടുകളാണ് വെള്ളത്തിലായത്.

ജലനിരപ്പ് ഉയർന്നതോടെ പോപ്പി പാലത്തിനായി നിർമ്മിച്ച ബണ്ട് കവിഞ്ഞൊഴുകി സ്വയം മുറിഞ്ഞു. എന്നാൽ ആറാട്ടുവഴി പാലത്തിനായി നിർമ്മിച്ച ബണ്ട് കരാർ കമ്പനിക്കാർ മിറിച്ചു വിട്ടു.ഒരുമാസം മുമ്പാണ് പാലങ്ങൾ പുനർ നിർമ്മിക്കുന്നതിനായി പൊളിച്ചു നീക്കിയത്. പുതിയ പാലത്തിന്റെ നിർമ്മാണത്തിനായി ബണ്ടുകൾ നിർമ്മിച്ചത്. പോപ്പിപ്പാലത്തിന്റെ അടിത്തറയുടെ കോൺക്രീറ്റ് നടത്താനിരിക്കെയാണ് മഴ കനത്തത്. ഒഴുക്ക് നിലച്ചതോടെ നഗരത്തിന്റെ വടക്കുഭാഗങ്ങളിലുള്ള പ്രദേശങ്ങളിലെ കാനകൾ നിറഞ്ഞൊഴുകി. കാനയിലെ മാലിന്യങ്ങൾ അടിയുന്നത് സമീപത്തെ വീടുകളിലാണ്. പ്രദേശവാസികൾ പരാതിയുമായി എത്തിയതോടെ പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഇടപെട്ടാണ് ബണ്ട് മുറിച്ച് വിട്ടത്. എ.എസ് കനാലിന്റെ പടിഞ്ഞാറെ കരയിൽ റോഡ്, സംരക്ഷണ ഭിത്തി എന്നിവയുടെ പുനർനിർമ്മാണ ജോലികൾ നടക്കുകയാണ്. ഇവിടെ നിന്ന് നീക്കം ചെയ്യുന്ന മണൽ കാനയിലേക്ക് വീണത് മൂലം ജലത്തിന്റെ ഒഴുക്ക് നിലച്ചു. ഇതോടെ വീടുകളിലെ കരകൃഷി വെള്ളത്തിലായി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ കനത്ത മഴയിൽ വെള്ളക്കെട്ട് രൂക്ഷമാണ്.ബീച്ച്, വിജയപാർക്കിന് വടക്ക്, അയ്യപ്പൻ പൊഴിക്ക് സമീപം, കെ.എസ്.ആർ.ടി.സിക്ക് കിഴക്ക് പോഞ്ഞിക്കര ഭാഗം, ആറാട്ടുവഴി മൈഥിലി ജംഗ്ഷന് സമീപം എന്നിവടങ്ങളിലും വെള്ളക്കെട്ടിൽ ജനം ദുരിതത്തിലാണ്.

.......

" വെള്ളക്കെട്ടുകൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള ഭാഗങ്ങളിലെ നഗരസഭയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും ഉടമസ്ഥതയിലുള്ള കാനകൾ ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു.

പി.എസ്.എം.ഹുസൈൻ, വൈസ് ചെയർമാൻ, ആലപ്പുഴ നഗരസഭ