nell-niraykkunnu

മാന്നാർ: മാന്നാറിൽ നെല്ല് കൃഷി ഉപേക്ഷിക്കാൻ കർഷകർ. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ നിന്ന് നെല്ല് കയറ്റിക്കൊണ്ടു പോവുന്നതിനു ഉപരോധങ്ങൾ ഉൾപെടെയുള്ള സമരങ്ങൾ നടത്തേണ്ടി വന്ന കർഷകരാണ് ഇനി നെൽകൃഷി ചെയ്യാനില്ലെന്നുറച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ തീരുമാനങ്ങൾക്ക് വിരുദ്ധമായി പത്തിന് പകരം പതിനഞ്ച് ശതമാനം കിഴിവും നെല്ല് നിറയ്ക്കാൻ ചാക്കും വാങ്ങി നൽകേണ്ട ഗതികേടിലാണ് നാലുതോട് പാടശേഖരത്തിലെ കർഷകർ. കൊയ്ത്ത് കഴിഞ്ഞ് മില്ലുകാർ നെല്ലെടുക്കാതെ ദിവസങ്ങളോളം നെല്ല് പാടത്ത് കിടക്കേണ്ടി വന്നതോടെ നെൽകർഷകർ കഴിഞ്ഞ 16ന് ഉദ്യോഗസ്ഥരെ തടഞ്ഞു പ്രതിഷേധിച്ചിരുന്നു. ക്വിന്റലിന് 10കിലോ കിഴിവിന് അടുത്ത ദിവസം മുതൽ നെല്ലെടുക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതിനെ തുടർന്നാണ് ഉപരോധ സമരം അവസാനിപ്പിച്ചത്. എന്നാൽ ഒരു ദിവസം മാത്രമാണ് മില്ലുകാർ നെല്ലെടുത്തത്. പിന്നീട് 15 ശതമാനം കിഴിവ് ആവശ്യപ്പെട്ട് നെല്ല് സംഭരണം നിറുത്തി വയ്ക്കുകയായിരുന്നു.

.........

# 15 ശതമാനം കിഴിവിലേക്ക്

മഴ ശക്തി പ്രാപിച്ചതോടെ നാലുതോട് പാടശേഖര സമിതി കർഷകർ മില്ലുകാരുടെ മുന്നിൽ കീഴടങ്ങി. പതിനഞ്ച് ശതമാനം കിഴിവിനു ഗതികെട്ട് സമ്മതിച്ചതോടെ ചാക്ക് വാങ്ങി നൽകിയാൽ വേണമെങ്കിൽ നെല്ല് നിറച്ച് കൊണ്ടുപോകാമെന്നായി മില്ലുകാർ. ഒരു ചാക്കിനു 12രൂപ നിരക്കിൽ 1500 ചാക്കെത്തിച്ചതോടെ ഇന്നലെ രാവിലെ നെല്ല് നിറച്ച് കൊണ്ടുപോകാൻ മില്ലുകാർ വണ്ടിയുമായെത്തി. വിളവ് തീരെക്കുറഞ്ഞ് നഷ്ടത്തിലെത്തി നിൽക്കുന്ന നാലുതോട് പാടശേഖരത്തിലെ കർഷകർക്ക് ഇത്തവണ പതിനഞ്ച് ശതമാനം കിഴിവിനു പുറമേ, ചാക്കിനത്തിൽ 18000 രൂപ കൂടി നൽകേണ്ടി വന്നതോടെ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണ്.

#നഷ്ടപരിഹാരം കിട്ടണം

മുൻ വർഷങ്ങളിലെല്ലാം നഷ്ടക്കണക്കുകൾ മാത്രം പറഞ്ഞിരുന്ന നാലുതോട് പാടശേഖരത്തിലെ കർഷകർക്ക് ഇത്തവണത്തെ കൃഷിയിൽ ലഭിച്ചത് കൊയ്ത്ത് കൂലി മാത്രമാണ്. ഒരേക്കറിന് 40000-45000 വരെ ചെലവഴിച്ച് കൃഷി ചെയ്ത കർഷകന് ഇത്തവണ ഒരേക്കറിൽ രണ്ടോ മൂന്നോ ക്വിന്റൽ നെല്ല് മാത്രമാണ് ലഭിച്ചത്. ഇത് കൊയ്ത്ത് കൂലിക്ക് മാത്രമേ ആവുന്നുള്ളൂ.

.........

''മില്ലുകാരുടെ അമിത ചൂഷണമാണ് കർഷകരെ ഏറെ വലച്ചത്.ഇതവണയുണ്ടായ കനത്ത നഷ്ടത്തിന് പരിഹാരം ലഭിച്ചില്ലെങ്കിൽ ഇനി നെൽകൃഷിക്കിറങ്ങില്ല.

ഹരിദാസ് കിം കോട്ടേജ്,​നാലുതോട് പാടശേഖര സമിതി പ്രസിഡന്റ്