ചെന്നിത്തല: തൃപ്പെരുന്തുറ ഏഴാം വാർഡിൽ കാരാഴ്മ കിഴക്ക് 126/3 എന്ന സർവ്വേ നമ്പരിലുള്ള 7 മീറ്റർ വീതിയുള്ള 26 സെന്റ് വിസ്തീർണം വരുന്ന സർക്കാർ പുറംമ്പോക്ക് തോട് കൈയ്യേറിയാണ് വഴിയും വഴിക്ക് കുറുകെ ഓടയും നിർമ്മിക്കുന്നതെന്നും,​ പുറംമ്പോക്കിലെ അനധികൃത നിർമ്മാണങ്ങൾ പൂർണ്ണമായും നീക്കം ചെയ്ത് തോടിന്റെ വീതിയും ആഴവും പുന:സ്ഥാപിക്കണമെന്നും ബി.ജെ.പി ചെന്നിത്തല 139-ാം ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വിധവയായ വൃദ്ധക്കും അർബുദ രോഗിയായ മകൾക്കും വീട്ടിലേക്ക് സുഗമമായി സഞ്ചരിക്കാൻ സൗജന്യമായി വഴിയൊരുക്കുന്നതിന്റെ പേരിലാണ് പുറമ്പോക്ക് ഭൂമി കയ്യേറി തോട്ടിലെ നീരൊഴുക്ക് തടസപ്പെടുന്ന നിലയിൽ ഓട നിർമ്മിക്കുന്നത്. കാരാഴ്മ കിഴക്ക് പതിയാന്റെ തെക്കേതിൽ ശ്രീനന്ദനയിൽ വിധവയായ ശാന്തമ്മയ്ക്ക് സൗജന്യമായി സ്ഥലം നൽകുകയും ലൈഫ് പദ്ധതിയിൽ വീട് നിർമ്മിക്കുകയും ചെയ്തിരുന്നു. ഈ വീട്ടിലേക്ക് വഴിക്കു കൂടി സ്ഥലം നൽകാൻ കഴിയുമെന്നിരിക്കെ സർക്കാർ പുറംമ്പോക്ക് തോട് കൈയ്യേറി അനുമതി വാങ്ങാതെ നിയമവിരുദ്ധമായി നിർമ്മാണ പ്രവൃത്തികൾക്ക് നേതൃത്വം കൊടുത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ബൂത്ത് പ്രസിഡൻ്റ് സജി കാരാഴ്മ പരാതി നൽകി.