മാന്നാർ: പലരിൽ നിന്നായി മൂന്നുകോടിയോളം രൂപയും 60പവനോളം സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി മാന്നാർ കുരട്ടിക്കാട് മംഗലത്ത് മഠത്തിൽ കിഴക്കേതിൽ വിഷ്ണു രാജിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ പ്രതിയെ കൂടുതൽ അന്വേഷണം നടത്തുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥനായ വീയപുരം സി.ഐ ധർമ്മജിത്ത്.പി യുടെ അപേക്ഷ പ്രകാരം ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതി വിഷ്ണുരാജിനെ 2 ദിവസം പൊലീസ് കസ്റ്റഡിയിൽ നൽകാൻ ഉത്തരവായത്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും ചോദ്യം ചെയ്യുന്നതിനുമാണ് വിഷ്ണുരാജിനെ കസ്റ്റഡിയിൽ വാങ്ങിയത്. സാമ്പത്തിക തട്ടിപ്പിനിരയായി സ്വന്തം വസ്തുവും വീടും വിറ്റ് കടം വീട്ടിയെങ്കിലും തട്ടിപ്പ് സംഘത്തിന്റെ ഭീഷണിയിൽ മനംനൊന്ത് മാന്നാർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഓംങ്കാർ വീട്ടിൽ വി.കെ.ശ്രീദേവിയമ്മ വീട്ടിലെ പൂജാമുറിയിൽ ജീവനൊടുക്കിയതോടെയാണ് ,​വിഷ്ണുരാജ് ഉൾപ്പെട്ട സംഘം നടത്തിയ വൻ സാമ്പത്തിക തട്ടിപ്പ് പുറംലോകമറിഞ്ഞത്. ശ്രീദേവിയമ്മ ജീവനൊടുക്കിയതിനെ തുടർന്ന് ഒളിവിലായിരുന്ന വിഷ്ണുരാജിനെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിവന്ന അന്വേഷണത്തിൽ വെള്ളിയാഴ്ചയാണ് പ്രത്യേക അന്വേഷണ സംഘം എടത്വായിൽ നിന്നും പിടികൂടിയത്. തട്ടിപ്പ് സംഘത്തിൽപ്പെട്ട കുട്ടമ്പേരൂർ പല്ലവനക്കാട്ടിൽ സാറാമ്മ ലാലു(മോളി), മാന്നാർ മുൻ ഗ്രാമപഞ്ചായത്തംഗം നേരൂർ ഉഷാ ഗോപാലകൃഷ്ണൻ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം ആദ്യം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ഇവർക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തതോടെ അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കാതെ ഒളിവിൽ ആണെന്നാണ് സൂചന.