photo

ചേർത്തല: 11കെ.വി.ലൈനിലെ ഇൻസുലേ​റ്റർ പൊട്ടിതെറിച്ച് ഭൂമിയിലുണ്ടായ വൈദ്യുതി പ്രവാഹത്തിൽ കടക്കരപ്പള്ളിയിൽ നിരവധി പേർക്ക് പരിക്കേറ്റു. ഒന്നര വയസുകാരന്റെ കൈക്ക് പൊള്ളലേറ്റു. ചേർത്തല സബ് സ്​റ്റേഷനിൽ നിന്ന് അർത്തുങ്കൽ ഫീഡറിലേക്കുള്ള കെ.എസ്.ഇ.ബി ഇലവൻ കെ.വി ലൈനിന്റെ ഇൻസുലേ​റ്ററാണ് പൊട്ടിതെറിച്ചത്. കെ.എസ്.ഇ.ബി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കടക്കരപ്പള്ളി പഞ്ചായത്ത് 9ാം വാർഡ് കളത്തിൽ പറമ്പിൽ നദീർ മുഹമ്മദ്–റിസാന ദമ്പതികളുടെ മകൻ ഇഷാന്റെ ഇടതുകൈയ്ക്കാണ് പൊള്ളലേ​റ്റത്. ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ഹൃദയമിടിപ്പിൽ വ്യത്യാസം കണ്ടതോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. വീടിന്റെ മു​റ്റത്തുനിൽക്കുകയായിരുന്ന നദീർ മുഹമ്മദിന്റെ മാതാവ് റഷീദയ്ക്കും ഭാര്യ റിസാനയ്ക്കും വീടിന് അടുക്കള ഭാഗത്തുള്ള ഇരുമ്പു ഗ്രില്ലിൽ പിടിച്ചു നിൽക്കുകയായിരുന്ന ഇഷാനും വൈദ്യുതാഘാതമേൽക്കുകയായിരുന്നു.

ഇഷാന്റെ കൈയ്ക്ക് റഷീദ അടിച്ചതോടെയാണ് ഗ്രില്ലിൽ നിന്ന് പിടിവിട്ടത്. കുട്ടിയെടുത്ത് പുറത്തേക്കിറങ്ങിയെങ്കിലും ഭൂമിയിൽ നിന്ന് മൂന്നു പേർക്കും പിന്നീടും ചെറിയതോതിൽ വൈദ്യുതാഘാതമേ​റ്റു. ഈ സമയം നദീർ മുഹമ്മദിന്റെ വീട്ടിലെ വൈദ്യുതി ട്രിപ്പായി.

വൈദ്യുതി പ്രവഹിച്ചതോടെ സമീപത്തെ വീടുകളിലെ ഇലക്ട്രിക്ക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കെ.എസ്.ഇ.ബി അധികൃതരെ വിളിച്ച് അറിയിച്ചെങ്കിലും ഒരുമണിക്കൂറിന് ശേഷമാണ് അവർ എത്തിയതെന്നും വീട്ടുകാർ ആരോപിക്കുന്നു.

അതേസമയം,​ ഇലവൻ കെ.വി ലൈനിന്റെ ഇൻസുലേ​റ്റർ പൊട്ടിയ സ്ഥലങ്ങളിൽ പരിശോധിച്ചതിൽ ഈർപ്പമുള്ളതിനാൽ ഭൂമിയിലൂടെ ചെറിയ രീതിയിൽ വൈദ്യുതി പ്രവഹിച്ചതാകാം വൈദ്യുതാഘാതത്തിന് കാരണമെന്നും ശരിയായ എർത്തിംഗ് നടത്തിയ വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടില്ലെന്നും വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു. ഇലക്ട്രികൽ ഇൻസ്പെക്ടറേറ്റിൽ ഉൾപ്പെടെ വിവരം അറിയിച്ചതായും വിശദമായ അന്വേഷണം നടത്തുമെന്നും അവർ പറഞ്ഞു.