ഇടവം 6 പുലർച്ചെ.
ആലപ്പുഴ, പെരുമഴയുടെ റെഡ് അലർട്ടിൽ കുതിർന്നുകിടന്നു. കോരിച്ചൊരിയുന്ന മഴയിൽ പതിനഞ്ചു വയസുകാരി മകളുടെ കൈപിടിച്ച് ആലപ്പുഴ കുതിരപ്പന്തി സ്വദേശിനി കൃഷ്ണകുമാരി, കളർകോട് സ്വദേശി സുബ്രഹ്മണ്യന്റെ ജീവിതത്തിലേക്ക് വീണ്ടും കൈപിടിച്ചു കയറിച്ചെന്നു. ഇരുണ്ട ആകാശത്തേക്കാൾ മേഘാവൃതമായിരുന്നു കൃഷ്ണകുമാരിയുടെയും സുബ്രഹ്മണ്യന്റെയും മനസ്. ഒരിക്കൽ നിയമപരമായി പിരിഞ്ഞവർ നീണ്ട പതിന്നാലു വർഷത്തെ ഇടവേള പിന്നിട്ട് വീണ്ടും ദാമ്പത്യത്തിന്റെ മധുരത്തിലേക്കു കടന്നു. രണ്ടാംവരവിൽ കൃഷ്ണകുമാരിക്ക് 46 വയസ്; സുബ്രഹ്മണ്യന് 58.
കാർമേഘമൊഴിഞ്ഞ്, പ്രതീക്ഷയുടെ പ്രകാശകണമായി എല്ലാത്തിനും സാക്ഷിയായി ഉണ്ടായിരുന്നത് മകൾ അഹല്യ എസ്. നായർ മാത്രം. ഒത്തുപോകാൻ സാധിക്കുമോ എന്ന പരീക്ഷണാർത്ഥം ഒരു മാസക്കാലം മകൾക്കൊപ്പം ദമ്പതികൾ ഒരുമിച്ചു ജീവിക്കാനാണ് കോടതി നിർദ്ദേശം. വിവാഹത്തിനുള്ള സാങ്കേതിക നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് വരുന്ന ജൂലായിൽ പുനർവിവാഹം.
പ്രശ്നം നിസ്സാരം;
പോയത് 14 വർഷം
രമ്യമായി പരിഹരിക്കാമായിരുന്ന ഒരു സൗന്ദര്യപ്പിണക്കമാണ് പതിന്നാലു വർഷം മുമ്പ് കൃഷ്ണകുമാരിയുടെയും സുബ്രഹ്മണ്യന്റെയും ദാമ്പത്യ ബന്ധത്തിന് ഒരിക്കൽ വിരാമമിട്ടത്. കൃഷ്ണകുമാരിയുടെ സ്വർണത്തെച്ചൊല്ലിയുള്ള വിഷയം ഇരുവരും സംസാരിച്ചു സംസാരിച്ച്, അവരറിയാതെ തന്നെ വഷളായി. 2006 ഓഗസ്റ്റ് 31-നായിരുന്നു ആ വിവാഹം. 2008-ൽ മകൾ ജനിച്ചു. മകളുടെ പേരിടീൽ ചടങ്ങിനാണ് സുബ്രഹ്മണ്യൻ അവസാനമായി കുഞ്ഞിനെ കണ്ടത്.
ഇതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലെ നഴ്സിംഗ് അസിസ്റ്റന്റായി സുബ്രഹ്മണ്യന് നിയമനം ലഭിച്ചു. ഒരിക്കൽപ്പോലും മകളെ കാണാൻ ഭർത്താവ് ശ്രമിക്കാതിരുന്നത് കൃഷ്ണകുമാരിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. മകളെയും കൂട്ടി ഭാര്യ ഒരിക്കൽപ്പോലും തനിക്കരികിലേക്ക് എത്തിയില്ലല്ലോ എന്നോർത്തപ്പോൾ സുബ്രഹ്മണ്യനും സഹിച്ചില്ല. ആ നൊമ്പരം രണ്ടുപേരുടെ മനസിലും ദേഷ്യമായും പിന്നെ പകയായുമൊക്കെ വേരുപടർത്തി. പിരിയാമെന്ന തീരുമാനത്തിൽ ഇരുവരും ഉറച്ചുനിന്നു. 2010 മാർച്ച് 29-ന് നിയമപരമായി വിവാഹബന്ധം വേർപെടുത്തി.
പുനഃസമാഗമം
യാദൃച്ഛികം
ബന്ധം ഉപേക്ഷിച്ചു വീട്ടിലെത്തിയ കൃഷ്ണകുമാരിക്കു താങ്ങായി വീട്ടുകാരുണ്ടായിരുന്നു. ഏക സഹോദരൻ കുറച്ചുവർഷം മുമ്പ് വാഹനാപകടത്തിൽ മരിച്ചു. അച്ഛൻ പ്രായാധിക്യം കാരണം ജോലിക്കു പോകാൻ കഴിയാത്ത സ്ഥിതിയിലായി. ഇതിനിടെ അങ്കണവാടിയിൽ ആദ്യം താത്കാലികമായും പിന്നീട് സ്ഥിരമായും ലഭിച്ച വർക്കർ ജോലിയിൽ നിന്നുള്ള വരുമാനത്തിലാണ് കൃഷ്ണകുമാരി മകളെ വളർത്തിയത്. കരാട്ടെ ബ്ലാക്ക് ബെൽറ്റുകാരിയായ അഹല്യ, നർത്തകി അമൃത ഗോപിനാഥിനു കീഴിൽ നൃത്തം പഠിച്ച് അരങ്ങേറ്റം നടത്തിയിരുന്നു. തന്റെ മാത്രം വരുമാനത്തിൽ മകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ വന്നതോടെയാണ് മകൾക്ക് ജീവനാംശം ആവശ്യപ്പെട്ട് കൃഷ്ണകുമാരി വീണ്ടും കോടതിയെ സമീപിച്ചത്.
പ്രതിമാസം 2000 രൂപ നൽകാനായിരുന്നു കോടതി വിധി. അതിനെതിരെ സുബ്രഹ്മണ്യൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി. തന്റെ വീടു വിറ്റ്, കൃഷ്ണകുമാരിയുമായുള്ള സാമ്പത്തിക ബാദ്ധ്യതകളെല്ലാം മുൻകൂർ തീർത്തതാണെന്നായിരുന്നു സുബ്രഹ്മണ്യന്റെ വാദം. സഹോദരിക്കും കുടുംബത്തിനുമൊപ്പമായിരുന്നു സുബ്രഹ്മണ്യന്റെ താമസം. പ്രശ്നം രമ്യമായി പരിഹരിക്കാൻ കോടതി നിർദ്ദേശിച്ചതാണ് വഴിത്തിരിവായത്. അടുത്തിടെ സുഹ്രമണ്യൻ ജോലിയിൽ നിന്ന് വിരമിച്ചു. കേസ് വീണ്ടും ആലപ്പുഴ കുടുംബകോടതി ജഡ്ജി വിദ്യാധരന്റെ ചേംബറിലെത്തി. ഇരുവരും പുനർവിവാഹിതരായിട്ടില്ലാത്തതിനാൽ കുട്ടിയുടെ സംരക്ഷണം കണക്കിലെടുത്ത് ഒരുമിച്ചു താമസിക്കാനുള്ള നിർദ്ദേശം കോടതി മുന്നോട്ടുവയ്ക്കുകയായിരുന്നു. ഇരു കക്ഷികളും അഭിഭാഷകരും ഇത് അംഗീകരിച്ചതോടെ പുനർവിവാഹത്തിന് കളമൊരുങ്ങി.
തിരിച്ചറിയാതെ
അച്ഛനും മകളും
സുബ്രഹ്മണ്യൻ അവസാനമായി മകളെ കാണുമ്പോൾ കുഞ്ഞിന് 28 ദിവസമായിരുന്നു പ്രായം. അച്ഛനെന്ന ഓർമ്മ അഹല്യയുടെ മനസിലുമില്ല. വർഷങ്ങൾക്കിടെ ഒരിക്കൽപ്പോലും തമ്മിൽ കണ്ടിട്ടില്ല. കേസിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിൽ 16- ന് കോടതി വരാന്തയിൽ മുഖാമുഖം നിന്നപ്പോഴും മുന്നിൽ നിൽക്കുന്നത് മകളാണെന്ന് സുബ്രഹ്മണ്യൻ തിരിച്ചറിഞ്ഞിരുന്നില്ല. ജീവനാംശം മാത്രം പ്രതീക്ഷിച്ചു പോയ അഹല്യയ്ക്ക് ഒരിക്കലും തിരിച്ചുകിട്ടില്ലെന്നു കരുതിയ ജീവിതം ലഭിച്ചതിന്റെ ആഹ്ലാദമുണ്ട്. പത്താം ക്ലാസിൽ നേടിയ എ പ്ലസ്സുകളെക്കാൾ മധുരതരമാണ് അഹല്യയ്ക്ക് അച്ഛന്റെയും അമ്മയുടെയും കൂടിച്ചേരൽ. വി.എച്ച്.എസ്.ഇയിൽ അഡ്മിഷനുള്ള ശ്രമത്തിലാണിപ്പോൾ അഹല്യ.
കഴിഞ്ഞ തിങ്കൾ മുതൽ കളർകോടുള്ള വാടകവീട്ടിലാണ് കുടുംബം താമസം. ഉപ്പുമുതൽ കർപ്പൂരം വരെ എല്ലാം പുതുതായി വാങ്ങി പുത്തൻ ജീവിതം ആരംഭിക്കുമ്പോൾ പഴയതൊന്നും ആവർത്തിക്കരുതെന്ന പ്രാർത്ഥനയുണ്ട് മൂവരുടെയും മനസിൽ. പതിന്നാലു വർഷക്കാലം മകളെ കാണാൻ പോലും ശ്രമിക്കാതിരുന്നതിൽ ഇന്ന് സുബ്രഹ്മണ്യന് കുറ്റബോധമുണ്ട്. നിസാര പ്രശ്നത്തിന്റെ പേരിൽ പിരിയേണ്ടിയിരുന്നില്ലെന്ന തോന്നൽ കൃഷ്ണകുമാരിയിലുമുണ്ട്. കാലം മായ്ക്കാത്ത മുറിവുകളില്ല. പുതിയ വീട്ടിൽ, പുതിയ അന്തരീക്ഷത്തിൽ അവർ പുതുജീവിതം കെട്ടിപ്പടുക്കുകയാണ്. ഇനി ഒറ്റ സ്വപ്നമേയുള്ളൂ- മകളുടെ ഭാവി.