ചേർത്തല: കടക്കരപ്പള്ളിയിൽ കെ.എസ്.ഇ.ബി 11 കെ.വി. ലൈനിന്റെ ഇൻസുലേറ്റർ പൊട്ടിത്തെറിച്ച സംഭവത്തിൽ ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് പരിശോധന നടത്തി. ജില്ലാ ഓഫീസിലെ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി.എം. ബീനയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഇന്നലെ കടക്കരപ്പള്ളിയിലെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയത്. ഇടതു ഉള്ളംകൈയ്ക്ക് പൊള്ളലേറ്റ കടക്കരപ്പള്ളി പഞ്ചായത്ത് 9ാം വാർഡ് കളത്തിപറമ്പിൽ നദീർ മുഹമ്മദിന്റെ മകൻ ഒന്നര വയസുള്ള ഇഷാന്റെ വീട്ടിലും സമീപ വീടുകളിലും പരിശോധന നടത്തി. സമീപ വാസികളുടെ ഉൾപ്പെടെ മൊഴിയും രേഖപ്പെടുത്തി.വിശദമായ റിപ്പോർട്ട് തയ്യാറാക്കി ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്കും കെ.എസ്.ഇ.ബി അധികൃതർക്കും കൈമാറുമെന്ന് വി.എം.ബീന അറിയിച്ചു. ഇതിനിടെ കോട്ടയത്ത് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നു. അപൂർവമായാണ് ഇൻസുലേറ്റിൽ നിന്ന് അനകടമുണ്ടാകുന്നതെന്ന് ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.