ആലപ്പുഴ : കഴിഞ്ഞ എട്ടുവർഷമായി സ്കൂളുകളിലെ ഉച്ചഭക്ഷണത്തിനായി ഒരു വിദ്യാർത്ഥിക്ക് സർക്കാർ അനുവദിക്കുന്ന തുക വെറും എട്ടുരൂപ. ചോറിന് പുറമേ സാമ്പാർ, അവിയൽ,തോരൻ എന്നിവയും ആഴ്ചയിലൊരിക്കലുള്ള പാലും മുട്ടയുമുൾപ്പെടെയാണ് മെനു.

ഗ്യാസിനും വിറകിനും മറ്റ് നിത്യോപയോഗ സാധനങ്ങൾക്കും കഴിഞ്ഞ എട്ടുവർഷത്തിനിടെയുണ്ടായ വിലവർദ്ധനയോ, ആഹാരം തയ്യാറാക്കുന്നതിന്റെ കൂലിച്ചെലവോ വെള്ളം, വൈദ്യുതി തുടങ്ങിയ മറ്റ് ചെലവുകളോ വിദ്യാഭ്യാസ വകുപ്പ് കണ്ടിട്ടില്ലെന്നാണ് ആക്ഷേപം.

കുട്ടികളുടെ എണ്ണം കൂടുന്നതനുസരിച്ച് ഫണ്ടും കുറയും . 150 കുട്ടികൾവരെയുളളയിടത്താണ് 8 രൂപ. 150 മുതൽ 500 വരെ കുട്ടികളാകകുമ്പോൾ ഒരാൾക്ക് 7രൂപയും 500ന് മുകളിൽ കുട്ടകൾ ഉള്ളിടത്ത് ഒരാൾക്ക് 6 രൂപയുമാണ് സർക്കാർ നിരക്ക്. പല സ്കൂളുകളിലും പ്രധാനാദ്ധ്യാപകരും സഹപ്രവർത്തകരും രക്ഷാകർത്തൃസമിതിയും സ്വന്തം കീശയിൽ നിന്ന് പണം മുടക്കിയാണ് കുട്ടികളുടെ വിശപ്പകറ്റുന്നത്. മുൻവർഷങ്ങളിൽ സർക്കാർ ഫണ്ട് കിട്ടാതിരുന്നപ്പോൾ കൈയ്യിൽ നിന്ന് പണം മുടക്കിയ പല അദ്ധ്യാപകർക്കും സർവീസിൽ നിന്ന് വിരമിച്ചിട്ടും ചെലവായ തുക ഇനിയും ലഭിച്ചിട്ടില്ല.

സ്കൂൾ കെട്ടിടങ്ങളുടെ പരിശോധന 25 മുതൽ

 അദ്ധ്യയന വർഷാരംഭത്തിന് 9 ദിവസം മാത്രം ശേഷിക്കെ ജില്ലയിൽ സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ തുടങ്ങി

 തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ നിന്ന് സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് ഇളവ് അനുവദിച്ചു

 ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നുള്ള പരിശോധനാ സംഘം 25 മുതൽ സ്കൂളുകളുടെ സുരക്ഷാ പരിശോധന നടത്തും

 മുൻവർഷങ്ങളെ അപേക്ഷിച്ച് പ്രീമൺസൂൺ മഴ നേരത്തെ ആരംഭിച്ചത് പണികളെ ബാധിക്കും

 കെട്ടിടങ്ങൾ ബലപ്പെടുത്തൽ, പെയിന്റിംഗ്, ഇലക്ട്രിക്കൽ, പ്ളംബ്ബിംഗ് ജോലികൾ തുടങ്ങിയവയാണ് നടക്കുന്നത്

വിരമിച്ചവർക്ക് പകരം നിയമനം വേണം

ജില്ലാ വിദ്യാഭ്യാസ ഓഫീസറുൾപ്പെടെ മൂന്ന് ഡസനോളം അദ്ധ്യാപകരാണ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി ഈ വർഷം പടിയിറങ്ങിയത്. വിരമിച്ച അദ്ധ്യാപകർക്ക് പകരം പി.എസ്.സി നിയമനത്തിനുള്ള കാലതാമസം കണൻക്കിലെടുത്ത് അദ്ധ്യയന വർഷം ആരംഭിക്കുമ്പോഴേക്കും താൽക്കാലിക അടിസ്ഥാനത്തിൽ അദ്ധ്യാപക നിയമനത്തിനുള്ള നടപടികളും സ്കൂൾ മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.

വാഹന പരിശോധനക്ക് തുടക്കം

സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ വാഹനങ്ങളുടെ സുരക്ഷാ പരിശോധന തുടങ്ങി. നൂറോളം വാഹനങ്ങളാണ് ഇന്നലെ പരിശോധിച്ചത്. വിദ്യവാഹൻ ആപ്പ് അപ്ലോഡ് ചെയ്യാത്തതും മറ്റ് ചെറിയ അപാകതകളുള്ളതുമായ വാഹനങ്ങൾ ടെസ്റ്റ് പാസ്സായില്ല.

ജില്ലയിലെ സ്കൂളുകൾ

ഹൈസ്കൂൾ......198

യു.പി................159

എൽ.പി............399

ആകെ..............756

തയ്യാറെടുപ്പുകൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. സ്കൂൾ വർഷാരംഭത്തിന് മുമ്പ് നടപടികൾ പൂർത്തിയാകും

- പ്രതീഷ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻ ചാർജ്