ആലപ്പുഴ: നഗരസഭ 2023-24 വാർഷിക പദ്ധതിയിൽപ്പെടുത്തി 45 വാർഡുകളിൽ ഇടത്തോട് ശുചീകരണം പൂർത്തീകരിക്കുകയും 4 വാർഡുകളിൽ ശുചീകരണം നടന്നു വരികയാണെന്ന് നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ പറഞ്ഞു.
തോടുകളുടെ ശുചീകരണത്തിന് മുന്തിയ പരിഗണനയാണ് നൽകുന്നത്. ഒരു വർഷത്തിനകം ഒരു കോടി രൂപയുടെ പദ്ധതികൾ തയ്യാറാക്കി. ആദ്യഘട്ടത്തിൽ ഒരു ലക്ഷം രൂപ വീതം വാർഡുതല ശുചീകരണത്തിനായി ടെണ്ടർ നടപടികൾ പൂർത്തിയാക്കി. 52 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയത്. സീവ്യൂ, സക്കരിയ ബസാർ, ആശ്രമം, മുനിസിപ്പൽ ഓഫീസ്, എന്നിവിടങ്ങളിൽ മാത്രമാണ് കരാറുകാർ എടുക്കാനുള്ളത്.
ടെണ്ടറിന് മാതൃകാ പെരുമാറ്റച്ചട്ടം മൂലം കാലതാമസം ഉണ്ടായെങ്കിലും കരാറുകാരൻ ഏറ്റെടുത്തിട്ടുണ്ട്.
മഴമൂലം വെള്ളക്കെട്ടുണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അടിയന്തിരമായ ശുചീകരണം വേണ്ട തോടുകൾക്കായി 25 ലക്ഷം രൂപ പദ്ധതിയിൽ ഉൾപ്പെടുത്തി. കഴിഞ്ഞ ദിവസം ചില മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് കെ.കെ.ജയമ്മ പറഞ്ഞു.