ആലപ്പുഴ: കനത്ത മഴയ്ക്കൊപ്പം ഗതാഗതക്കുരുക്കും രൂക്ഷമായതോടെ ദേശീയപാതയിൽ യാത്ര ദുഷ്കരമായി. ഓച്ചിറ മുതൽ അരൂർ വരെ രാവിലെയും വൈകുന്നേരങ്ങളിലും ഗതാഗതം അസാദ്ധ്യമായ അവസ്ഥയിലാണ്. പ്രധാന ജംഗ്ഷനുകളിലെല്ലാം മണിക്കൂറുകളോളം വാഹനങ്ങൾ കുരുങ്ങിക്കിടക്കുന്ന സ്ഥിതിയാണ്. കായംകുളം കൊറ്റുകുളങ്ങര മുതൽ ചേപ്പാട് വരെ റോഡിലെ ഗട്ടറുകൾക്ക് പുറമേ നവീകരണം നടന്നുവരുന്ന മിക്ക സ്ഥലങ്ങളിലും സർവീസ് റോഡുകളുൾപ്പെടെ വെള്ളവും ചെളിയും കെട്ടിക്കിടക്കുകയാണ്. വെള്ളക്കെട്ടിനെ തുടർന്ന് തുറവൂർ- അരൂർ ദേശീയപാതയിൽ തുറവൂരിലും അരൂരിലും ഗതാഗതം വഴിതിരിച്ചുവിട്ടു. ഗതാഗത കുരുക്ക് ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത പക്ഷം സ്ഥിതി കൂടുതൽ രൂക്ഷമാകാനാണ് സാദ്ധ്യത.

വാരിക്കുഴികളും ചെളിയും വെള്ളവും

1.ഹരിപ്പാട് താലൂക്ക് ആശുപത്രി ജംഗ്ഷനിൽ ഉയരപ്പാത നിർമ്മാണത്തിനുള്ള പൈലിംഗിനൊപ്പം ആരംഭിച്ച ഗതാഗതകുരുക്ക് മഴ കനത്തതോടെ രൂക്ഷമായി. ഹരിപ്പാട് ബസ് സ്റ്റാന്റ് പരിസരം മുതൽ ഡാണാപ്പടിവരെ വാഹനങ്ങളുടെ നീണ്ട ക്യൂവാണ് മിക്കപ്പോഴും. സർവ്വീസ് റോഡിനായി ഏറ്റെടുത്ത സ്ഥലങ്ങൾ വെള്ളക്കെട്ടായതോടെ നിർമ്മാണം നിലച്ചു

2.ഡാണാപ്പടി മുതൽ പുറക്കാട് വരെ റോഡ് നിർമ്മാണത്തിനായി കോൺക്രീറ്റ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ കഷ്ടിച്ച് ഒരുവാഹനത്തിന് മാത്രമേ കടന്നുപോകാനാകു. പുറക്കാട് സർവീസ് റോഡിനും ദേശീയ പാതയ്ക്കും ഇടയിലെ വെള്ളക്കെട്ടും യാത്രയ്ക്ക് തടസമാണ്

3. കരൂർ മുതൽ വടക്കോട്ട് ബി.എം.ബി.സി പൂർത്തിയാക്കിയ റോഡിന്റെ ഭാഗം ടാർ ചെയ്യാത്തതിനാൽ ഗതാഗതം ഇതുവഴി തിരിച്ചുവിടാൻ കഴിഞ്ഞിട്ടില്ല. മേൽപ്പാലത്തിന്റെ നി‌‌ർമ്മാണം നടക്കുന്ന അമ്പലപ്പുഴ ജംഗ്ഷനിൽ മഴ കനത്തതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി

4.സിറ്റി ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിയുടെ പൈപ്പിടീൽ ജോലികൾ നടന്നുവരുന്ന ജനറൽ ആശുപത്രി റോഡ്, പിച്ചുഅയ്യർ ജംഗ്ഷൻ എന്നിവിടങ്ങളിലും ഗതാഗതം അഴിയാക്കുരുക്കായി. കാലവർ‌ഷവും അദ്ധ്യയന വർഷവും ആരംഭിക്കാനിരിക്കെ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാകാനാണ് സാദ്ധ്യത

ഇരുട്ടാണ്,​ സിഗ്നലുമില്ല

ദേശീയപാതയിൽ നിർമ്മാണം നടക്കുന്ന പലസ്ഥലങ്ങളിലും വഴിവിളക്കുകളില്ലാത്തത് കാരണം വൻ അപകടമാണ് പതിയിരിക്കുന്നത്. സൂചനാബോ‌ഡുകളോ,​ സിഗ്നലുകളോ പലയിടത്തുമില്ല. ദൂരത്തുനിന്ന് നിന്നുതന്നെ റോഡ് വ്യക്തമാകുന്ന വിധം റിഫ്ളക്ടീവ് സ്റ്റിക്കറുകൾ പതിച്ച ഡിവൈഡറുകളാൽ വേർതിരിക്കണം. സർവീസ് റോഡും പ്രധാന റോഡും തിരിച്ചറിയത്തക്ക വിധമുള്ള ക്രമീകരണം വേണം. അപകട സാദ്ധ്യാത പ്രദേശങ്ങളിൽ താത്കാലിക സൈൻ ബോർഡുകളോ സുരക്ഷാ ജീവനക്കാരുടെ സേവനമോ ഉറപ്പാക്കണമെന്നാണ് നിയമം. എന്നാൽ,​ നിർഭാഗ്യവശാൽ ഇവയൊന്നും ദേശീയപാതയിൽ കാണാൻപോലുമില്ല.

...........................

വെളിച്ചമില്ലാത്തതും കനത്ത മഴയും ദേശീയ പാതയെ അപകടക്കെണിയാക്കുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ തോട്ടപ്പളളിക്കും അമ്പലപ്പുഴയ്ക്കും ഇടയിൽ രണ്ട് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. മതിയായ സൈൻ ബോഡില്ലാത്തതും പാത വ്യക്തമാകാത്തതും അപകടങ്ങൾക്ക് വഴിയൊരുക്കും

-രാജീവൻ, പുറക്കാട്