ആലപ്പുഴ: ജില്ലാകോടതി പാലത്തിന്റെ പുനർ നിർമ്മാണത്തിന് മുറിച്ച് മാറ്റിയ മരങ്ങളുടെ ചില്ലകൾ പൂർണ്ണമായി നീക്കാത്തത് യാത്രക്കാർക്ക് ഇഴജന്തുക്കളുടെ ഭീഷണി ഉയർത്തുന്നു. മൂന്ന് മാസം മുമ്പാണ് പാലത്തിന്റെ ഇരുകരയിലെ 79മരങ്ങൾ ജില്ലാ സോഷ്യൽ ഫോറസ്ട്രിവിഭാഗത്തിന്റെ അനുമതിയോടെയുണ് മുറിച്ചു നീക്കിയത്. ഇതിന്റെ ചെറുചില്ലകളും തടിയും കരാറുകാരൻ പൂർണ്ണമായും എടുത്തു നീക്കിയില്ല. വാടകനാലിന്റെ തെക്കേക്കരയിൽ വൈ.എം.സി മുതൽ പഴയ പൊലീസ് കൺട്രോൾ റൂം വരെയുള്ള ഭാഗത്തെ മരങ്ങളാണ് എടുത്തു മാറ്റാത്തത്. ഇലകൾ മഴയിൽ അഴുകി കൊതുക് ശല്യം രൂക്ഷമായതോടെ സമീപത്തെ കടകൾക്കും കച്ചവടം കുറഞ്ഞു. മഴ കനത്തതോടെ കഴിഞ്ഞ ദിവസം മാവിൻ ചുവട് ഭാഗത്ത് കൂട്ടിയിട്ടിരുന്ന മരചില്ലകളുടെ കൂനയിൽ നിന്ന് ഇഴജന്തുകൾ റോഡിലേക്ക് ഇറങ്ങിയത് ബസ് കാത്ത് നിൽക്കുന്നവർക്കും സഞ്ചാരികൾക്കും ഭീഷണിയാകുന്നു. ഇത് നീക്കം ചെയ്യണമെന്ന് പലതവണ വ്യാപാരികൾ നഗരസഭയിലും റോഡിന്റെ നിർമ്മാണ ചുമതല വഹിക്കുന്ന കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർക്കും പരാതി നൽകിയെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

നിലവിലെ പാലത്തിന്റെ ഇരുകരകളിലും നാൽക്കവലകളോടു കൂടിയാണ് പാലം നിർമ്മാണം. വാടക്കനാലിന്റെ വടക്കേക്കരയിൽ എസ്.ഡി.വി ഗ്രൗണ്ടിന് സമീപത്ത് നിന്ന് തെക്കേകരയിൽ ഐശ്വര്യ ഓഡിറ്റോറിയത്തിന് മുന്നിൽ നിന്നും ഫ്ലൈഓവറും അടിപ്പാതയും ആരംഭിച്ച് പൊലീസ് കൺട്രോൾ റൂമിന് സമീപം അവസാനിക്കും. ഏറ്റെടുത്ത സ്ഥലത്തുള്ള 146 വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പെടെ 152 കെട്ടിടങ്ങൾ പൊളിക്കേണ്ടത്. ബോട്ട് ജെട്ടിക്ക് സമീപമുള്ള ചിലകടമുറി ഉടമകൾ കോടതിയെ സമീപിച്ചത് നിർമ്മാണ പ്രവർത്തനത്തിന് തടസമായത്.

........

"മുറിച്ച് നീക്കിയ മരത്തിന്റെ മുഴുവൻ ചില്ലകളും ഇലകളും നഗരസഭയോ കേരള റോഡ് ഫണ്ട് ബോർഡ് അധികൃതരോ മുൻകൈ എടുത്ത് നീക്കം ചെയ്യണം.യാത്രക്കാരുടെ ജീവന് ഭീഷണി ഉയർത്തും വിധമാണ് കൊതുകിന്റെയും ഇഴജന്തുക്കളുടെയും ശല്യം.

ശശിധരൻ, പൊതുപ്രവർത്തകൻ, ആലപ്പുഴ

.......

 മുറിച്ച് മാറ്റിയ മരങ്ങൾ: 79

 നീക്കേണ്ട കെട്ടിടങ്ങൾ: 152