അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയെ ദുർബലപ്പെടുത്തിയത് സി.പി.എമ്മാണെന്ന് മുൻ എച്ച്.ഡി.സി അംഗവും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ ഹസൻ എം.പൈങ്ങാമഠം ആരോപിച്ചു. ആശുപത്രി വികസന സമിതി കൃത്യമായി വിളിച്ചു ചേർക്കാതെയും കമ്മിറ്റിക്ക് മുകളിൽ ഉപരികമ്മിറ്റി രൂപീകരിച്ചും എച്ച്.ഡി.സിയെ ദുർബലമാക്കിയത് സി.പി.എമ്മിന്റെ സ്വാർത്ഥ താത്പര്യമാണ്. കണക്കുകൾ പാസാക്കുന്നതിന് മാത്രം വർഷത്തിൽ ഒരിക്കൽ മാത്രമാണ് എച്ച്. ഡി.സി വിളിച്ചു ചേർക്കുന്നത്. ആശുപത്രി അഡ്മിനിസ്ട്രേഷനിൽ സുതാര്യത നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.