മാന്നാർ: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രസിഡന്റായിട്ടുള്ളതും നിരണം കേന്ദ്രമായി 2000മുതൽ പ്രവർത്തിച്ച് വരുന്നതുമായ മത-ഭൗതിക വിദ്യാഭ്യാസ കലാലയമായ ജാമിഅഃ അൽഇഹ്സാന്റെ സിൽവർ ജൂബിലി ആഘോഷവും, സനദ്ദാന സമ്മേളനവും 24,25,26 തീയതികളിൽ നിരണം അൽഇഹ്സാൻ ക്യാമ്പസിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകിട്ട് 4ന് ഉസ്താദ് സൈദലവി ഫൈസി പതാക ഉയർത്തുന്നതോടുകൂടി ആഘോഷങ്ങൾക്ക് തുടക്കമാവും. തുടർന്ന് നടക്കുന്ന ആത്മീയ സമ്മേളനത്തിന് സയ്യിദ് സൈനുദ്ധീൻ അൽ ബുഖാരി ലക്ഷദ്വീപ് നേതൃത്വം നൽകും. നാളെ രാവിലെ 10ന് സൗജന്യ മെഡിക്കൽ ക്യാമ്പ് ഉമ്മർ കുരുക്കൾ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് നടക്കുന്ന വനിതാ ക്ലാസിന് മുഹമ്മദ്‌ശമ്മാസ് നൂറാനിയും, രാത്രി 7ന് ബുർദ്ദമജ്‌ലിസും ഇശൽവിരുന്നും സ്വാദിഖ്അലി ഫാളിലി ഗൂഡല്ലൂർ, സയ്യിദ് ഇബ്രാഹീം മൻസൂർ അൽബുഖാരി തങ്ങൾ താത്തൂർ എന്നിവരും നേതൃത്വം നൽകും. സമാപനദിവസമായ 26 ന് ഉച്ചയ്ക്ക് 2ന് പണ്ഡിത സമ്മേളനം അർഷാദ് നൂറാനി കാമിൽസഖാഫി ഉദ്ഘാടനം ചെയ്യും. ഡോ.ഫൈസൽ അഹ്സനി രണ്ടത്താണി നേതൃത്വം നൽകും. വൈകിട്ട് 4ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. അൽഇഹ്‌സാൻ പ്രസിഡന്റ് ഹാജി പി.എ ഷാജഹാൻ അദ്ധ്യക്ഷത വഹിക്കും. ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട്, എസ്.വൈ.എസ് സംസ്ഥാന ജന.സെക്രട്ടറി ഡോ.എ.പി.അബ്ദുൽഹക്കീം അസ്ഹരി എന്നിവർ പ്രഭാഷണം നടത്തും. സാന്ത്വനപദ്ധതിയുടെ ഉദ്ഘാടനം ആന്റോ ആന്റണി എം.പിയും, ചോരാത്തവീട് പദ്ധതിയും സിൽവർജൂബിലി പദ്ധതിയുടെയും ഉദ്ഘാടനം മാത്യൂ ടി.തോമസ് എം.എൽ.എ യും നിർവ്വഹിക്കും. വൈകിട്ട് 7ന് നടക്കുന്ന സമാപന സമ്മേളനം ഉദ്‌ഘാടനവും സ്വഹീഹുൽ ബുഖാരി ദർസ് ഉദ്ഘാടനവും, ജാമിഅഃ അൽഇഹ്സാനിൽ നിന്നും ഫാളിൽ ഇഹ്സാനി ബിരുദം കരസ്ഥമാക്കിയ വിദ്യാത്ഥികൾക്ക് സനദ്ദാനവും കാന്തപുരം എ.പി.അബൂക്കർ മുസ്ലിയാർ നിർവ്വഹിക്കും. സ്വാഗതസംഘം ചെയർമാൻ മാന്നാർ അബ്ദുൽലത്തീഫ് അദ്ധ്യക്ഷത വഹിക്കും. ഭാരവാഹികളായ മാന്നാർ അബ്ദുൽ ലത്തീഫ്, ഡോ.പി.എ അലി അൽഫൈസി, കെ.എ.കരീം, ഹാഫിള് ഷുഹൈബ്, ഹാഫിള് മുബശ്ശിർ, റഹീം വയനാട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.