ആലപ്പുഴ: കനത്തമഴയിൽ കുടുംബശ്രീ കർഷകർ ദുരിതത്തിലായി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ക കനത്ത മഴയിൽ തോട്ടപ്പള്ളിയിൽ ദയ കുടുംബശ്രീയുടെ വിളവെടുപ്പിന് തയ്യാറായ, അരലക്ഷം രൂപയുടെ മാതൃകാപച്ചക്കറി വിളകളാണ് നശിച്ചത്.വാഴ, കപ്പ, ചേന, ചേമ്പ്, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ, പയർ ഉൾപ്പെടെയുള്ള വിളകളാണ് ഇറക്കിയത്. പുറക്കാട് പഞ്ചായത്ത് 13-ാം വാർഡിൽ തോട്ടപ്പള്ളി കാക്കനാട് പ്രവർത്തിക്കുന്ന 10 അംഗങ്ങൾ ചേർന്ന് പ്രവർത്തിക്കുന്നതാണ് ലയ കുടുംബശ്രീ യൂണിറ്റ്. അമ്പലപ്പുഴ ബ്ളോക്ക് പഞ്ചായത്ത് മാതൃകാപച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സീനോ വിജയരാജിന്റെ ഉടമസ്ഥതയിലുള്ള 90സെന്റ് സ്ഥലത്താണ് പച്ചക്കറി കൃഷി ഇറക്കിയത്. മാതൃകാപച്ചക്കറി വിളവിറക്ക് അമ്പലപ്പുഴ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബയാണ് നിർവഹിച്ചത്. വിത്ത് സൗജന്യമായി നൽകിയത് ബ്ളോക്ക് പഞ്ചായത്താണ്. കൊടും ചൂടിൽ വിളവിറക്കി നട്ടുനനച്ച് മികച്ച വിളയാക്കി മാറ്റിയെങ്കിലും അപ്രതീക്ഷിത മഴ വിള നശിപ്പിച്ചത്. പുറക്കാട് മലേതോട് പാടശേഖരത്തിലെ പമ്പിംഗ് നിലച്ചതിനെ തുടർന്നാണ് ഈ ഭാഗംവെള്ളത്തിൽ മുങ്ങിയത്. ഇവിടെയുള്ള 25വീടുകളിലും വെള്ളം കയറി. അടുത്തമാസം പച്ചക്കറിയുടെ വിളവ് എടുക്കാനിരിക്കേയാണ് മഴയിൽ കൃഷി മുങ്ങിയത്.തോരാമഴയിൽ പമ്പിംഗ് പുനസ്ഥാപിക്കാൻ വൈകിയാൽ വിളകൾ പൂർണമായും നശിക്കുമെന്ന ആശങ്കയിലാണ് അംഗങ്ങൾ. നിലവിലെ സാഹചര്യത്തിൽ മൂന്ന് ദിവസം എടുക്കും പമ്പിംഗ് ആരംഭിക്കാൻ. അംഗങ്ങൾ പുറക്കാട് പഞ്ചായത്തിൽ പരാതിനൽകിയെങ്കിലും ഫലപ്രദമായ ഇടപെടൽ ഉണ്ടായില്ലെന്നാണ് ആക്ഷപം. വെള്ളത്താൽ ചുറ്റപ്പെട്ട വീടുകളുടെ കക്കൂസ് മാലിന്യം പ്രദേശത്ത് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു.
.............
# നശിച്ചത് വിളവെടുപ്പിന് പ്രായമായ പച്ചക്കറികൾ
"വിളവെടുപ്പ് പ്രായമായ പച്ചക്കറി ഇനങ്ങളാണ് വെള്ളത്തിൽ മുങ്ങിയത്. 50,000 രൂപയുടെ നാശമാണ് ഉണ്ടായത്. നഷ്ടപരിഹാരം നൽകാൻ കൃഷി വകുപ്പോ പഞ്ചായത്തോ നൽകണം.
വിനിത (പ്രസിഡന്റ്), സിജി (സെക്രട്ടറി)
ദയ, കൂട്ടായ്മ, തോട്ടപ്പള്ളി