കായംകുളം: അറസ്റ്റ് ചെയ്ത് വിട്ടയച്ച പ്രതിയെ രാഷ്ടീയ ഇടപെടലുകളെ തുടർന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് ജയിലിൽ അടച്ച സംഭവത്തിൽ ,​ കായംകുളം സി.ഐയ്ക്കെതിരെ ബി.ജെ.പി നിയമ പോരാട്ടത്തിനൊരുങ്ങുന്നു. ബി.ജെ.പി പ്രവർത്തകനായ കൃഷ്ണപുരം കാപ്പിൽ കിഴക്ക് ആലംമ്പള്ളിൽ വീട്ടിൽ മനോജെന്ന വിളിക്കുന്ന ജിജിയെയാണ് രാഷ്ടീയ ഇടപെടലുകളെതുടർന്ന് കേസിൽ കുടുക്കിയത്. സി.പി.എമ്മിന്റെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്നും സി.ഐക്കും ബന്ധപ്പെട്ട പൊലീസുകാർക്കും എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബി.ജെ.പി കൃഷ്ണപുരം പഞ്ചായത്ത് കമ്മിറ്റി പറഞ്ഞു. നിസാരമായ ഒരു വാക്കു തർക്കവും ഉന്തും തള്ളും ഉണ്ടായ വിഷയത്തിൽ രാഷ്ട്രിയ പ്രേരിതമായി സി.പി.എമിന്റെ നിർദ്ദേശ പ്രകാരം 308-ാം വകുപ്പ് ചേർത്ത് ജാമ്യമില്ലാത്ത കേസിൽപ്പെടുത്തിയാണ് മനോജിനെ ജയിലിലാക്കിയത്.

സംഭവത്തിൽ ആദ്യം പൊലീസിൽ പരാതിപ്പെടുന്നത് മനോജാണ്. മനോജിന്റെ പേരിൽ 2 ദിവസം കഴിഞ്ഞ് കൃഷ്ണപുരത്തെ സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് എതിർ കക്ഷികൾ കായംകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മനോജിനെ പൊലീസ് വിളിച്ചു കേസ് എടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തുടർന്ന് കൃഷ്ണപുരത്തെ സി.പി.എം നേതൃത്വം ഇടപെട്ടാണ് കള്ളക്കേസ് ഉണ്ടാക്കിയെന്നാണ് ബി.ജെ.പിയുടെ ആരോപണം. മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയപ്പോൾ 12 മണിക്കൂറിനുള്ളിൽ മനോജിന് ജാമ്യം അനുവദിച്ചു. കൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ സി.പി.എമ്മിന് അംഗങ്ങളും ബി.ജെ.പിക്ക് നാലു പേരുണ്ട് .മനോജ് നൽകിയ പരാതിയിൽ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. ഇതിനെതിരെ ബി.ജെ.പി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായി ബി.ജെ.പി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ് ജയകുമാർ,​ സംസ്ഥാന സമിതി അംഗം പാറയിൽ രാധാകൃഷ്ണൻ,​ സംസ്ഥാന സമിതി അംഗം മഠത്തിൽ ബിജു എന്നിവർ പറഞ്ഞു.